‘സുന്ദരിയല്ലേ… ചെറുപ്പമല്ലേ എപ്പോഴാണ് രണ്ടാം വിവാഹം? അവതാരകന്റെ ചോദ്യത്തിന് മീനയുടെ മറുപടി
കൊച്ചി:മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് മീനയ്ക്ക്. മലയാളികളുടെയും ഹൃദയം കവർന്നിട്ടുള്ള നായികയാണ് താരം. ബാലതാരമായി സിനിമയിലെത്തിയതാണ് മീന. പിന്നീട് നായികയായും തെന്നിന്ത്യയിലെ മുൻനിര നടിയായുമെല്ലാം വളരുകയായിരുന്നു. തമിഴ്, മലയാളം, തെലുങ് ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാൻ മീനയ്ക്ക് സാധിച്ചു. എല്ലാ ഭാഷകളിലും സൂപ്പർ താരങ്ങളുടെ നായികയായും മീന തിളങ്ങി.
സിനിമയിൽ നാൽപത് വർഷം പൂർത്തിയാക്കി നിൽക്കുകയാണ് മീന ഇപ്പോൾ. മീനയ്‌ക്കൊപ്പം തിളങ്ങി നിന്ന അന്നത്തെ പല നായികമാരും സിനിമ വിട്ടെങ്കിലും ഇന്നും നായിക പ്രാധാന്യമുള്ള വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് താരം. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്താൻ മീനയ്ക്ക് സാധിച്ചു. ഭർത്താവ് വിദ്യാസാഗർ നൽകിയ പിന്തുണയാണ് മീനയ്ക്ക് കരുത്തായത്. മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് വരെ മീനയ്ക്ക് ഏറ്റവും വലിയ പിന്തുണയായി ഭർത്താവ് കൂടെയുണ്ടായിരുന്നു.
2022 ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണം സംഭവിക്കുകയായിരുന്നു. പ്രിയതമന്റെ വിയോഗം മീനയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. അഭിനയമെല്ലാം വീട്ടിൽ ഒതുങ്ങിക്കൂടിയ താരം മാസങ്ങൾക്ക് ശേഷമാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇന്ന് സിനിമയും ടെലിവിഷൻ പരിപാടികളുമൊക്കെയായി സജീവമാണ് താരം.
ഭർത്താവിന്റെ മരണശേഷം മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നടൻ ധനുഷും മീനയും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നടക്കമുള്ള കിംവദന്തികൾ ഒരു സമയത്ത് തമിഴകത്ത് ചർച്ചയായി മാറിയിരുന്നു. എന്നാൽ മീന ഇതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.
“നിങ്ങൾ സുന്ദരിയാണ്. ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം ചോദിപ്പിച്ചെങ്കിലും ക്ഷമ കൈ വിടാതെ ആയിരുന്നു മീനയുടെ മറുപടി. രണ്ടാമത് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു ഐഡിയയുമില്ലെന്നും. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും മീന പറഞ്ഞു.
‘ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്,’
‘വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം,’ മീന പറഞ്ഞു. അതേസമയം ഭാവിയിൽ എന്തും സംഭവിച്ചേക്കാമെന്നും നടി കൂട്ടിച്ചേർത്തു