മമ്മൂട്ടി ചിത്രം’ഏജന്‍റ് വലിയ പരാജയം, കാരണം ഇതാണ്.’ : തുറന്ന് സമ്മതിച്ച് നിര്‍മ്മാതാവ്
ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ അഖില്‍ അക്കിനേനി നായകനായ സ്പൈ ആക്ഷൻ-ത്രില്ലർ ചിത്രമാണ് “ഏജന്റ്”. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം വലിയ ദുരന്തമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങൾക്കുമുമ്പ് ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളുടെ അവകാശം മുഴുവനായി വിറ്റഴിഞ്ഞ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം ഒരിടത്ത് നിന്നും ഉണ്ടാക്കാനായില്ലെന്നാണ് വിവരം.
ഏകദേശം 80 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. മോശം കളക്ഷൻ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള റണ്ണിംഗ് സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ഈ ശനി, ഞായര്‍ ദിവസങ്ങള്‍ ഏജന്‍റിനെ സംബന്ധിച്ച് നിർണായകമായിരുന്നു. എന്നാല്‍ തെലുങ്ക് സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഈ രണ്ട് ദിവസങ്ങളില്‍ ഒരു കോടി രൂപയാണ് ഈ പടത്തിന്‍റെ കളക്ഷന്‍. ബോക്‌സോഫീസിലെ മോശം ഓപ്പണിംഗ് പ്രകടനത്താല്‍ തന്നെ ചിത്രം വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിന്റെ മോശം ഓപ്പണിംഗിനെതിരെ അക്കിനേനി ആരാധകർ പോലും പ്രതികരിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ഇതാ ഏജന്‍റ് പരാജയമാണെന്ന് സമ്മതിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എകെ എന്‍റര്‍ടെയ്മെന്‍റിന്‍റെ അനില്‍ സുങ്കരയാണ് ഈ കാര്യം ട്വിറ്ററില്‍ തുറന്ന് പറഞ്ഞത്. എന്തായാലും നിര്‍മ്മാതാവ് ഇത്തരം ഒരു കാര്യം തുറന്ന് സമ്മതിച്ചതിനെ വലിയ തോതിലാണ് സിനിമ പ്രേമികള്‍ അഭിനന്ദിക്കുന്നത്.
“ഏജന്‍റ് പരാജയപ്പെട്ടതിന്‍റെ മുഴുവൻ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഒരു കഠിനമേറിയ ദൗത്യമാണെന്ന് ഞങ്ങൾക്കറിമായിരുന്നു. എന്നാല്‍ വിജയിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. കാരണം ഒരു ബോണ്ട് സ്ക്രിപ്റ്റും ഇല്ലാതെ കൊവിഡ് ഉൾപ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരം ഒരു പ്രൊജക്ട് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി.
ഇതൊന്നും ഒഴികഴിവുകളായി പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും വിലയേറിയ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുകയാണ്. ഇനിയൊരിക്കലും തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഇത് ഒരു ഉദാഹരണമാണ്. ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഭാവി പ്രോജക്ടുകളിൽ മികച്ച ആസൂത്രണവും, കഠിന അദ്ധ്വാനവും നടത്തി ഞങ്ങൾ ഈ നഷ്ടം നികത്തും” – നിര്‍മ്മാതാക്കളായ എകെ എന്‍റര്‍ടെയ്മെന്‍റിന്‍റെ അനില്‍ സുങ്കര ട്വിറ്ററില്‍ കുറിച്ചു.