തിരൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു.
ആര്‍പിഎഎഫ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണിത്. ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയതായും കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയിൽവേ അറിയിച്ചു.വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയിൽവേ അറിയിച്ചു.
ബീഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതുമുതൽ കല്ലേറുണ്ടായ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. അിതവേഗം പോകുന്ന ട്രെയിൻ ചില്ലുകളിലേക്ക് കല്ല് വലിച്ചെറിയുന്ന സംഭവങ്ങൾ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയാണ്. പലപ്പോഴും ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകര്‍ന്ന സംഭവങ്ങളുണ്ടായി. എന്നാൽ കേരളത്തിൽ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.
പ്രധാനമന്ത്രി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവർക്കൊപ്പമാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളും കുട്ടികൾക്കും ഒപ്പമായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര. വിവിധ സ്റ്റേഷനുകളിൽ സ്വീകരണവുമുണ്ടായിരുന്നു.
യാത്രക്കാരുമായുള്ള വന്ദേഭാരത് ട്രെയിൻ 26-നായിരുന്നു കേരളത്തിലെ ആദ്യ യാത്ര തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10.35-ഓടെ തിരുവനന്തപുരത്തെത്തിയിരുന്നു. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഓടിയെത്താന്‍ വേണ്ട സമയം. മികച്ച വേഗതയില്‍ മികച്ച സൗകര്യത്തോടെ വന്ദേഭാരത് ട്രെയിന്‍ യാത്ര തുടരുകയാണ്. കേരളത്തിലെ ടൂറിസം മേഖലില്‍ അടക്കം മാറ്റമുണ്ടാക്കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നാണ് പ്രതീക്ഷ.