KeralaNews

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ (silver line) പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു. കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളോടും സതീശന്‍ പ്രതികരിച്ചു. പാർട്ടിയെ ദുർബലപ്പെടുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി വേണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടതായും സതീശന്‍ വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

സിൽവർ‌ ലൈൻ വിരുദ്ധ സമരത്തിന്‍റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ, മതമേലധ്യക്ഷൻ, സാമുദായ നേതാവ് എന്നിവർ സിൽവർലൈൻ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ശബരിമല വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ എയർ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കണം.

സിൽവർ ലൈനെതിരായ കോൺഗ്രസിന്റെ കല്ലുപറിക്കൽ സമരത്തേയും കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. കോൺഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ എത്തിച്ചു കൊടുക്കാമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker