തിരുവനന്തപുരത്ത് കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ ചേര്‍ന്ന് മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടു. ഒടുവില്‍ മജിസ്ട്രേറ്റിനെ മോചിപ്പിച്ചത് സി.ജെ.എം എത്തിയാണ്. മജിസ്ട്രേറ്റ് ദീപാ മോഹനെയാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ എത്തിയ അഭിഭാഷകര്‍ പൂട്ടിയിട്ടത്.
ഒരു വാഹന അപകട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് അപകടം പറ്റിയിരുന്നു. ഈ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ പരിക്കുപറ്റിയ സ്ത്രീ ഇന്ന് കോടതിയിലെത്തുകയും ബസിന്റെ ഡ്രൈവര്‍ തന്നോട് കോടതിയില്‍ ഹാജരാകരുത് എന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കി. ദീപാ മോഹനായിരുന്നു ജാമ്യം റദ്ദാക്കി ഡ്രൈവറെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ രംഗത്തെത്തെത്തുകയും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിനെ പൂട്ടിയിടുകയുമായിരുന്നു. മജിസ്ട്രേറ്റ് അറിയിച്ചത് അനുസരിച്ച് എത്തിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഇവരെ മോചിപ്പിച്ചത്.