ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ
കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.
ഒന്നാം റൗണ്ടില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) നേതാവ് അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി.) നേതാവും മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകളുാണ് നേടാനായത്.
അതേസമയം നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ പിടിക്കാനായുള്ളൂ. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്‌സെയ്ക്ക് 2.5 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ.
ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് 50 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടാനായില്ലെങ്കിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് കടക്കേണ്ടത്. രണ്ട് മുന്‍നിര സ്ഥാനാര്‍ഥികള്‍ മാത്രമേ രണ്ടാം റൗണ്ടില്‍ ഉണ്ടാകുകയുള്ളൂ. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയടക്കമുള്ളവര്‍ ഇതോടെ പുറത്തായി.
വോട്ടര്‍മാര്‍ക്ക് രണ്ടും മൂന്നും സ്ഥാനാര്‍ഥികളെ കൂടി വോട്ടെടുപ്പില്‍ പട്ടികപ്പെടുത്താം. ഇത്തരത്തില്‍ രണ്ടാം ഘട്ട വോട്ടെണ്ണലില്‍ വോട്ടര്‍മാരുടെ രണ്ടാം മുന്‍ഗണനാ വോട്ടുകളാണ് എണ്ണുക.