27.3 C
Kottayam
Friday, April 19, 2024

കിറ്റക്‌സിന്റെ ശുക്രന്‍ തെളിഞ്ഞു,ഓഹരിവിലയില്‍ വീണ്ടും കുതിച്ചുചാട്ടം

Must read

കൊച്ചി:കിറ്റക്‌സ് തങ്ങളുടെ തട്ടകം കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് മാറ്റിയതോടെ കമ്പനിക്ക് ശുക്രദശ. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് കിറ്റക്‌സ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളം കേന്ദ്രമാക്കിയുള്ള കിറ്റക്സ് ഗാര്‍മന്റ്സ് 1000 കോടിയുടെ പ്രാഥമിക നിക്ഷേപത്തിന് തെലങ്കാന സര്‍ക്കാരുമായി ധാരണയായതോടെ, കമ്പനിയുടെ ഓഹരിമൂല്യം 18 ശതമാനത്തിലേറെ കുതിച്ചു കയറുകയായിരുന്നു. എന്‍എസ്ഇയില്‍ 168.55 രൂപയാണ് കിറ്റക്സിന്റെ ഇന്നത്തെ ഉയര്‍ന്ന നിരക്ക്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളിയാഴ്ച 140.44 എന്ന നിലയിലാണ് ക്ലോസ് ചെയ്തതെങ്കില്‍ 150 എന്ന നിരക്കിലാണ് ഇന്ന് ട്രേഡിങ് തുടങ്ങിയത്.

2021 മാര്‍ച്ചില്‍ കിറ്റക്സിന്റെ അറ്റ ലാഭം 49.3 ശതമാനം ഇടിഞ്ഞ് 9.73 കോടിയായി താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 19.22 കോടിയായിരുന്നു അറ്റലാഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഓഹരി മൂല്യം 46 ശതമാനം കടന്നത്. 185 രൂപ വരെ എത്തിയേക്കുമെന്നാണ് ഓഹരി വിപണി വിദഗ്ദ്ധരുടെ പ്രവചനം.

കേരളം വിട്ട് തെലങ്കാനയില്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കിറ്റെക്‌സിന്റെ ഓഹരി വന്‍ കുതിച്ചുചാട്ടം നടത്തിയത്. കേരളത്തില്‍ നിന്നും തെലുങ്കാനയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി സ്വകാര്യ ജെറ്റില്‍ കയറുമ്പോള്‍ തന്നെ വിപണിയില്‍ കുതിപ്പുണ്ടായി. ഇന്ന് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നിഫറ്റിയിലും വലിയ ഉയര്‍ച്ചയാണ് കിറ്റക്‌സ് കാണിക്കുന്നത്.

3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ ഹൈദരാബാദിലേക്ക് പോയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സര്‍ക്കാര്‍ അയച്ച ഫ്ളൈറ്റില്‍ ചര്‍ച്ചകള്‍ക്കായി കിറ്റക്സ് സംഘം എത്തിയപ്പോള്‍ മുതല്‍ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കി. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിരിച്ചു വരികയും ചെയ്തു.

സംസ്ഥാന സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് സാബു കേരളം വിടുന്നത്. കേരള സര്‍ക്കാറുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും സാബു വ്യക്തമാക്കി. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്- സാബു പറഞ്ഞു.

ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ സാബു എം.ജേക്കബ് ആഞ്ഞടിച്ചു.
കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സർക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് സാബു ജേക്കബ് കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സാബു ജേക്കബും സംഘവും തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി അവിടെ നിക്ഷേപം നടത്താൻ തീരുമാനിച്ചത്.

തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ടെക്സ്റ്റൈൽസിനുവേണ്ടി മാത്രമായിട്ടൊരു വ്യവസായിക പാർക്കാണ് തെലങ്കാനയിലേത്. കാക്കാത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്നാണ് പേര്. ഏകദേശം 1200 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ഇതിന് പുറമെ ചന്തൻവള്ളി ഇന്റസ്ട്രിയൽ പാർക്ക് എന്ന ജനറലായിട്ടുള്ളൊരു ഇന്റസ്ട്രിയൽ പാർക്കും. ഈ രണ്ട് പാർക്കുകളും 1200 ഏക്കറോളമുണ്ട്.

കേരളത്തിലും ഒരുപാട് വ്യാവസായിക പാർക്കുകൾ ഉണ്ട്. പക്ഷേ തെലുങ്കാനയിൽ ഇതുപോലെയല്ല. കേരളത്തിലേതിൽ നിന്നും വ്യത്യസ്തമായി ഇൻഫ്രാസ്ട്രക്ചർ, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങൾ, ഇലക്ട്രിസിറ്റി എല്ലാം വളരെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു.കേരളത്തിലെ സ്ഥലത്തിന്റെ വില നമുക്കറിയാം. തെലങ്കാനയിൽ പത്ത് ശതമാനം വില മാത്രമെ സ്ഥലത്തിന്റെ വിലയായി വരുന്നുള്ളു. അതു തന്നെ ഒരു നിക്ഷേപകനെ സംബന്ധിച്ച് ഏറ്റവും വലിയകാര്യമാണ്.

വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പുതന്നിട്ടുണ്ട്. വെള്ളം എത്ര വേണമെങ്കിലും തരാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആകെ തെലങ്കാനയിൽ കണ്ടൊരു ന്യൂനത ഞങ്ങൾ കയറ്റുമതി മുൻനിർത്തി പ്രവർത്തിക്കുന്ന കമ്പനിയാണ്. ഓരോ ദിവസവും 12ഉം 20 കണ്ടെയ്നറുകൾ കയറ്റി അയയ്ക്കേണ്ടതായിട്ടുണ്ട്. ഒരു പോർട്ടിലേക്കുള്ള ദൂരം വളരെ കൂടുതൽ. അതിനുവേണ്ടി വരുന്ന ചിലവും വളരെ കൂടുതൽ ആണ്. അവിടെയും സർക്കാർ പരിഹാര കണ്ടു. അധികമായിട്ടുവരുന്ന ചിലവുകൾ സർക്കാർ വഹിക്കും.

ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടിയിട്ട് വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു തെലങ്കാന വ്യവസായ മന്ത്രി. വ്യവസായി എന്ന നിലയിൽ ഒരു പ്രശ്നം അവതരിപ്പിക്കുമ്പോൾ തന്നെ ഒരു മിനിട്ടിനുള്ളിൽ പരിഹാരവും മന്ത്രി പറഞ്ഞുതരും.

മാലിന്യം പുറത്തേക്ക് വിടുന്നു എന്നതാണ് ഈ ഫാക്ടറിയെ പറ്റിയുള്ള ഒരു പ്രചാരണം. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും പൊതുസമൂഹത്തിന് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷം വ്യവസായ മന്ത്രി പറഞ്ഞ മറുപടി ആ ഉത്തരവാദിത്വം സർക്കാരിന്റെതാണ് എന്നാണ്. മാലിന്യത്തിന്റെ ഔട്ട്ലറ്റ് സർക്കാരിന് തന്നാൽ മതി. മാലിന്യത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡുകൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തെലങ്കാനയിൽ അങ്ങനെ ഒരു സംഭവമേയില്ലെന്നാണ് പറഞ്ഞത്. പരിശോധനയുടെ പേരിൽ ഒരു ഉദ്യോഗസ്ഥൻമാരും വ്യവസായ ശാലകൾ കയറിയിറങ്ങില്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരു പരിശോധന നടക്കും. മന്ത്രിമാരുടെ അറിവോടെ മുൻകൂട്ടി അറിയിച്ച പ്രകാരമായിരിക്കും ഇതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

വേദനയോടെ കേരളം വിടുന്നത്.കേരളമാണ് ഞങ്ങളെ വളർത്തിയത്.കേരളത്തിൽ 53 വർഷം നടത്തിയ പ്രയത്നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കിൽ കമ്പനി ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളർന്നെനെ.ആയതിനാൽ ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും.ആദ്യഘട്ടത്തിൽ 1000 കോടി മുതൽമുടക്കിന്റെ പദ്ധതി തുടങ്ങാനാണ് തീരുമാനം.മറ്റു സംസ്ഥാനങ്ങളും സമീപിച്ചിട്ടുണ്ട്.അതും ചർച്ചയിലൂടെ പരിഗണിക്കും.53 വർഷങ്ങൾകൊണ്ട് നഷ്ടപ്പെട്ട വളർച്ച 10 വർഷം കൊണ്ട് തിരികെ പിടിക്കാമെന്ന് ഉറപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week