NationalNews

കർണാടകയിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നിരവധി സിറ്റിംഗ്‌ എംഎൽഎമാർ പുറത്ത്

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. 189 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്. മേയ്‌ പത്തിന് നടക്കുന്ന 224 അംഗ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബാക്കി സ്ഥാനാര്‍ഥികളെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

പ്രഖ്യാപിച്ച 189 അംഗ പട്ടികയില്‍ നിരവധി സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടമായപ്പോള്‍ 52 പുതുമുഖങ്ങളാണ് ഇടംപിടിച്ചത്. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 46 പേരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടി. എട്ട് വനിതകള്‍ മാത്രമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവില്‍ നിന്ന് തന്നെ ഇത്തവണയും ജനവിധി തേടും.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര ശിക്കാരിപുരയില്‍ മത്സരിക്കും. യെദ്യൂരപ്പയുടെ സീറ്റാണിത്. മന്ത്രി ബി.ശ്രീരാമുലു ബെല്ലാരി റൂറലില്‍ മത്സരിക്കും.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി ചിക്കമംഗളൂരുവില്‍ നിന്ന് തന്നെ ഇത്തവണയും ജനവധി തേടും. മന്ത്രി ആര്‍.അശോക് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരെ കനകപുരയില്‍ മത്സരിക്കും. മറ്റൊരു മണ്ഡലത്തില്‍ കൂടി ആര്‍.അശോക് മത്സരിക്കുന്നുണ്ട്. പത്മനാഭനഗര്‍ ആണ് ആര്‍.അശോകിന്റെ രണ്ടാമത്തെ മണ്ഡലം. വരുണയില്‍ സിദ്ധരാമയ്യയെ മന്ത്രി വി.സോണ്ണയാണ് നേരിടുക. ചാമരാജ് നഗറില്‍ കൂടി സോമണ്ണ മത്സരിക്കും.

ഇതിനിടെ ഗുജറാത്ത് മോഡലില്‍ മുതിര്‍ന്ന നേതാക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പാര്‍ട്ടി തീരുമാനം സ്വീകരിച്ച് കെ.എസ്.ഈശ്വരപ്പ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker