KeralaNews

പരിശീലനം നടത്തിയത് മിഥുന്റെ വീടിന് സമീപം, കൈവശം മൂന്ന് ബോംബുകള്‍; രണ്ടാമത്തേത് ജിഷ്ണുവിന്റെ ജീവനെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാടാച്ചിറ സ്വദേശി സനാദ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി മിഥുന് വടിവാള്‍ എത്തിച്ചു നല്‍കിയത് സനാദ് ആണെന്ന് കണ്ണൂര്‍ എസിപി പി സദാനന്ദന്‍ പറഞ്ഞു.

കേസില്‍ മിഥുന്‍, ഗോകുല്‍, അക്ഷയ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മിഥുന്റെ നിര്‍ദേശപ്രകാരം അക്ഷയ് ആണ് ബോംബെറിഞ്ഞത്. മിഥുനും അക്ഷയും ചേര്‍ന്നാണ് ബോംബ് നിര്‍മ്മിച്ചതെന്ന് എസിപി വ്യക്തമാക്കി. കറുത്ത വാഹനത്തില്‍ വടിവാളുമായിട്ടാണ് മിഥുന്റെ സുഹൃത്ത് സനാദ് സംഭവ സ്ഥലത്തെത്തിയത്.പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ സപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഇയാളെത്തിയത്. വടിവാള്‍ വീശിയത് മിഥുന്‍ ആണെന്നും എസിപി പറഞ്ഞു.

ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും ബോംബ് ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടം ലഭിച്ചിട്ടുണ്ട്. മിഥുന്റെ വീടിന്റെ പരിസരത്തുവെച്ചാണ് ബോംബ് ഉണ്ടാക്കിയത്. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വെച്ച് പരീക്ഷണം നടത്തി എന്നു പറയുന്നത് തെറ്റാണ്. എന്നാല്‍ മിഥുന്റെ വീടിന്റെ പരിസരത്ത് വെച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായി എസിപി വ്യക്തമാക്കി. കല്യാണവീട്ടില്‍ തലേന്ന് രാത്രിയിലുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായാണ് ആക്രമണം ഉണ്ടായതെന്നും എസിപി വ്യക്തമാക്കി.

കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കൈവശം സ്ഫോടകവസ്തു ഉണ്ടായിരുന്നില്ല. മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. താഴെ ചൊവ്വയിലുള്ള കടയില്‍ നിന്നും പടക്കം വാങ്ങിയത് കല്യാണ വീട്ടില്‍ പടക്കം പൊട്ടിക്കാനാണ്. നാലായിരം രൂപയ്ക്ക് പടക്കം വാങ്ങുകയും ചെയ്തിരുന്നു. അത് സാധാരണ പടക്കം മാത്രമാണെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ആവിടെ നിന്നുള്ള പടക്കമല്ല. അതേക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അന്വേഷണത്തെ ബാധിക്കുന്നത് ആയതിനാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്നും എസിപി സദാനന്ദന്‍ പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൈവശം കരുതിയത്. ആദ്യത്തേത് എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തുവെന്നും എസിപി പറഞ്ഞു. ബോംബ് എറിയുന്നതിന് മുമ്പ് സംഭവസ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ മിഥുന് അടിയേറ്റു. തുടര്‍ന്ന് മിഥുന്‍ വടിവാള്‍ വീശി. ഇതിന് പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതെന്നും എസിപി പറഞ്ഞു.

ബോംബ് ആക്രമണത്തിന് പുറമേ, വടിവാള്‍ വീശി ഭയപ്പെടുത്തുക എന്ന പ്ലാന്‍ ബി കൂടി സംഘം തയ്യാറാക്കിയിരുന്നു. മിഥുന്‍ ആണ് പ്ലാന്‍ ബി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായാണ് സനാദ് അടക്കമുള്ള സംഘം വടിവാളുമായി സ്ഥലത്തെത്തിയത്. ഈ വടിവാള്‍ മിഥുന്‍ വീശി ഭയാനകാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു. ഈ മാസം 13 ന് കണ്ണൂര്‍ തോട്ടടയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) എന്ന യുവാവ് ആണ് തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ വാനിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker