Entertainment

ആറാട്ടില്‍ ലാലേട്ടന് ഹാര്‍ട്ട് അറ്റാക്കോ; തുറന്നുപറച്ചിലുമായി ബി. ഉണ്ണികൃഷ്ണന്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. വിന്റേജ് മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാവും ചിത്രത്തിലേത് എന്നാണ് ടീസറും ട്രെയ്ലറും നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം തലയുടെ വിളയാട്ടം എന്ന പേരില്‍ പുറത്തുവന്ന ആറാട്ടിന്റെ തീം സോംഗും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ മോഹന്‍ലാലിന്റെ ചില മാനറിസങ്ങളെ കുറിച്ചും കഥാപാത്രസൃഷ്ടിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍.

ആറാട്ട് ചെയ്യുമ്പോള്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളെ കുറിച്ചോ അത്തരത്തിലുള്ള ക്യാരക്ടര്‍ ഡെവലപ്മെന്റുകളെ കുറിച്ചോ സജഷന്‍സ് ഒന്നും ലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ‘അത്തരത്തിലുള്ള സജഷന്‍സ് ഒന്നും ഉണ്ടായിട്ടില്ല. ചിലത് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുമ്പോള്‍ നമ്മള്‍ പറയുമല്ലോ ഇത് നമുക്ക് കണ്‍സിസ്റ്റന്റ് ആയിട്ട് പിടിക്കാം എന്ന്. ഇതില്‍ ഒന്നു രണ്ട് ഷോട്ടില്‍ ജുബ്ബയ്ക്കുള്ളിലൂടെ കയ്യിട്ട് നെഞ്ചില്‍ തടവുന്നുണ്ട്. ഞാനിങ്ങനെ രണ്ട് മൂന്ന് സ്ഥലങ്ങളില്‍ അത് ചെയ്യാനും പറഞ്ഞപ്പോള്‍ തമാശരൂപത്തില്‍ ചോദിക്കുന്നത് എന്ത് ഗോപന് ഹാര്‍ട്ട് അറ്റാക്കോ എന്നാണ്,’ അദ്ദേഹം പറയുന്നു.

എന്നാല്‍ ഇത് ആ കഥാപാത്രത്തിന്റെ മാനറിസമായി കണക്കാക്കാനാവില്ലെന്നും, എന്നാല്‍ രണ്ട് മൂന്ന് സ്ഥലങ്ങളില്‍ വളരെ രസകരമായി അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, ആറാട്ടിന്റെ റിസര്‍വേര്‍ഷന്‍ കേരളത്തില്‍ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്.

‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്‌മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker