KeralaNews

‘അധ്യാപനത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു ആഗ്രഹം, എന്നാല്‍ പാര്‍ട്ടി പറഞ്ഞു മത്സരിക്കാന്‍’: കെ.ടി ജലീല്‍

കോഴിക്കോട്: അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യം പരസ്യമായിത്തന്നെ പറഞ്ഞതുമാണ്. എന്നാല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞതോടെ അനുസരിക്കുകയായിരുന്നുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുചിന്തിതമായ ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് 2006 ല്‍ ഒരു സാഹസിക പോരാട്ടത്തിനിറങ്ങിയപ്പോള്‍ എനിക്ക് സംരക്ഷണ കവചം തീര്‍ത്ത സിപിഎമ്മിനെ ജീവിതത്തില്‍ മറക്കാനാകില്ല. പാര്‍ട്ടി തീരുമാനം എടുത്തുകഴിഞ്ഞു. ഇനി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ വീണ്ടും സി.പി.ഐ (എം) എന്നെ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ അദ്ധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹം. അത് പരസ്യമായിത്തന്നെ ഞാന്‍ പറഞ്ഞതുമാണ്. എന്നാല്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും അതോടൊപ്പം വ്യക്തമാക്കിയിരുന്നു. സുചിന്തിതമായ ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് 2006 ല്‍ ഒരു സാഹസിക പോരാട്ടത്തിനിറങ്ങിയപ്പോള്‍ എനിക്ക് സംരക്ഷണ കവചം തീര്‍ത്ത സി.പി.ഐ (എം)നെ ജീവിതത്തില്‍ മറക്കാനാകില്ല. പാര്‍ട്ടി തീരുമാനം എടുത്തുകഴിഞ്ഞു. ഇനി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല. തവനൂര്‍ നിവാസികളായ ഒട്ടനവധി ആളുകളും മല്‍സര രംഗത്ത് ഉണ്ടാകണമെന്ന ആവശ്യം സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷം തവനൂരുകാര്‍ക്കിടയില്‍ കക്ഷി – രാഷ്ട്രീയ ഭേദമെന്യേ ചെറുതും വലുതും, ഔദ്യോഗികവും അനൗദ്യോഗികവുമായ ഏതാണ്ടെല്ലാ ചടങ്ങുകളിലും ഞാനുണ്ടായിരുന്നു. ജനങ്ങളുടെ സുഖദു:ഖങ്ങളില്‍ ഭാഗഭാക്കാവാന്‍ ആവുന്നത്ര ശ്രമിച്ചു. മനുഷ്യസാദ്ധ്യമായതെല്ലാം നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കാനും ശ്രദ്ധിച്ചു. മുന്നിലെത്തുന്ന ഒരാളോടും പാര്‍ട്ടിയോ മതമോ ജാതിയോ അന്വേഷിച്ചിട്ടില്ല. ഒരാളോടും മുഖം തിരിച്ചതായി ഓര്‍മ്മയില്‍ എവിടെയുമില്ല. എനിക്ക് തവനൂരുകാര്‍ എപ്പോഴും കൂടപ്പിറപ്പുകളാണ്. അനുഭവങ്ങളില്‍ അവര്‍ക്കു ഞാന്‍ മകനും സഹോദരനും സുഹൃത്തുമെല്ലാമാണ്. അവസാന ശ്വാസംവരെയും അതങ്ങിനെത്തന്നെയാകും.

ഒരുപാട് കള്ളപ്രചാരണങ്ങള്‍ എനിക്കെതിരായി രാഷ്ട്രീയ ശത്രുക്കള്‍ തൊടുത്തുവിട്ടത് നിങ്ങളുടെ ഓര്‍മ്മപ്പുറത്തുണ്ടാകും. തവനൂര്‍ നിയോജക മണ്ഡലത്തിലെ ഒരാളുപോലും അതു വിശ്വസിച്ചിട്ടുണ്ടാവില്ല. കാരണം, എന്റെ വീടും കുടുംബവും സൗകര്യങ്ങളും ജീവിതവുമെല്ലാം അവര്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. തന്നെയുമല്ല, ഞാനുമായുള്ള ഇടപഴകലില്‍ എന്നെക്കാളധികം ഞാനാരാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പ് വേളകളിലും സ്വകാര്യമായ കൂടിക്കാഴ്ചകളിലും ജനപ്രതിനിധി എന്ന നിലയില്‍ നാട്ടുകാര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനകളും നിറവേറ്റാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതിന് തവനൂരിന്റെ മുക്കുമൂലകള്‍ സാക്ഷിയാണ്. പല പദ്ധതികളും പൂര്‍ത്തിയാക്കാനായി. പലതും പൂര്‍ത്തീകരണ പാതയിലാണ്. ചിലതെല്ലാം ആരംഭ ഘട്ടത്തിലുമാണ്. മഹാപ്രളയവും കോവിഡും തീര്‍ത്ത ദുരിതക്കയങ്ങള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സമ്പൂര്‍ണ്ണമായി നിറവേറ്റാനായി എന്ന കൃതാര്‍ത്ഥതയോടെയാണ് ഒരിക്കല്‍കൂടി ഞാന്‍ നിങ്ങളുടെ മുന്നിലെത്തുന്നത്.

ദുരന്തങ്ങള്‍ മലവെള്ളപ്പാച്ചിലായി ഇരച്ചുവന്ന് വെല്ലുവിളികള്‍ നിറഞ്ഞൊഴുകിയ കാലത്തെല്ലാം പ്രതിരോധപര്‍വ്വം തീര്‍ത്ത് നമുക്ക് താങ്ങും തണലുമായ സ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉറപ്പുവരുത്താന്‍ കേളപ്പജിയുടേയും മഹാകവി വള്ളത്തോളിന്റെയും മണ്ണില്‍നിന്ന് എല്‍.ഡി.എഫ് സാരഥി ജയിച്ചുവരണം. നാടിന് വേണ്ടിയുള്ള പേരാട്ട വീഥിയില്‍ പടച്ചട്ടയണിഞ്ഞ് നിങ്ങളോരോരുത്തരും എല്ലാ കക്ഷിത്വവും മറന്ന് തുടര്‍യാത്രയിലും കൂടെയുണ്ടാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. സഫലമാകുമെന്നുറപ്പുള്ള ഈ കുതിപ്പില്‍ നിങ്ങളും അണിചേരുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker