KeralaNews

‘പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഞങ്ങള്‍’; ജോസഫൈനിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമെന്ന് ശൈലജ ടീച്ചര്‍

കണ്ണൂർ:സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈനിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമെന്ന് കെകെ ശൈലജ ടീച്ചര്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു തങ്ങള്‍ പ്രതിനിധികളായി ഇരുന്നതെന്നും സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനെ കഴിഞ്ഞില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഭര്‍ത്താവ് മത്തായി കഴിഞ്ഞ വര്‍ഷം അന്തരിച്ചതിന് ശേഷം വലിയ മാനസിക പ്രയാസമാണ് ജോസഫൈന്‍ അനുഭവിച്ചിരുന്നത്. ശാരീരികമായ ചില അസ്വസ്ഥതകളും പിന്‍തുടര്‍ന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് വേര്‍പാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് കെകെ ശൈലജ പറഞ്ഞു.

കെകെ ശൈലജ ടീച്ചര്‍ പറഞ്ഞത്: ”വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈന്‍ന്റേത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല.”

”ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യു വിലേക്കും മറ്റേണ്ടി വന്നു. ഇന്ന് സഖാവ് നമ്മളോട് വിടവാങ്ങുകയും ചെയ്തു. കാര്‍ക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവര്‍ത്തകയായിരുന്നു അവര്‍. പുറമേ കാര്‍ക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആര്‍ദ്രതയും കാണിക്കുന്ന സഖാവായിരുന്നു എം സി ജോസഫൈന്‍.”

”സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവല്‍ക്കരിക്കുന്നതിനും നിര്‍ബന്ധം കാണിച്ച ഒരാളാണ് സഖാവ്. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ എം സി ജോസഫൈന്‍ വ്യത്യസ്തങ്ങളായ ഉത്തരവാദിത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. സഖാവ് ജോസഫൈന്‍ സംസ്ഥാന പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പരസ്പര ധാരണയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്നതിന് പുറമെ വനിതാ കമ്മീഷന്‍ അധ്യക്ഷയായും, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍മാനായും, എറണാകുളം ജിസിഡിഎ ചെയര്‍മാനായുമൊക്കെയായി സഖാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയമേഖലകളില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് സഖാവ് എം സി ജോസഫൈന്‍.”

”സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സഖാവ് ജോസഫൈന്‍ സ്വീകരിച്ചത്. സഖാവിന്റെ ഭര്‍ത്താവ് സഖാവ് മത്തായി കഴിഞ്ഞ വര്‍ഷം അന്തരിച്ചതിന് ശേഷം വലിയ മാനസിക പ്രയാസമാണ് സഖാവ് അനുഭവിച്ചിരുന്നത്. ശാരീരികമായ ചില അസ്വസ്ഥതകളും സഖാവിനെ പിന്‍തുടര്‍ന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വേര്‍പാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു.”

ജീവിതത്തിന്റെ അവസാന മണിക്കൂര്‍ വരെ ജനങ്ങള്‍ക്കിടയില്‍ കര്‍മ്മനിരത. സംഘടനകളെ കരുത്തോടെ നയിച്ച് ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റി വച്ച കരുത്തയായ വനിതാ നേതാവായിരുന്നു അന്തരിച്ച എംസി ജോസഫൈന്‍. ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനനഗരയില്‍ വച്ച് വിടവാങ്ങല്‍.

സമാപന ദിവസത്തെ ജോസഫൈന്റെ മരണം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലെ ഏവരെയും ദുഃഖത്തിലാഴ്ത്തി. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാതിരുന്ന എം സി ജോസഫൈന്‍ അടിയന്തരാവസ്ഥക്ക് ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

മുതിര്‍ന്ന സിപിഐഎം നേതാവായ ജോസഫൈന് പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ സംഘടനാരംഗത്ത് അവര്‍ എന്നും നിറസാന്നിദ്ധ്യമായിരുന്നു. വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാലത്താണ് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറുന്നത്. 1978ല്‍ ജോസഫൈന്‍ സിപിഐഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. പിന്നീട് കെഎസ്‌വൈഎഫ് ബ്ലോക്ക് തല പ്രവര്‍ത്തകയായി യുവജന മേഖലയില്‍ ജോസഫൈന്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.

കെഎസ്‌വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്. 1978 മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു ജോസഫൈന്റെ പ്രധാന പ്രവര്‍ത്തന മേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.

സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെതിരെയുളള വിവാദങ്ങള്‍ ശക്തമായത്. അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ജോസഫൈന്റെ പല തീരുമാനങ്ങളും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലേക്ക് മാത്രം ചുരുങ്ങി പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം.

കൂടാതെ കര്‍ക്കശമായ സ്വഭാവ സവിശേഷതയും പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ജോസഫൈന്‍ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. സൂര്യനെല്ലി കേസിലെ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയ ആളായിരുന്നു ജോസഫൈന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പല ചൂഷണ കേസുകളും പൊതുമധ്യത്തില്‍ എത്തുന്നതിന് ജോസഫൈന്റെ ഇടപെടലുകള്‍ നിര്‍ണായകമായി.

വിദ്യാര്‍ഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയാണ് ജോസഫൈന്റെ പ്രവര്‍ത്തനപാടവം. സംഘടനയില്‍ എന്നും ധീരമായ നിലപാട് സ്വീകരിക്കുകയും അത് പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കുകയും ചെയ്ത ശക്തയായ പ്രവര്‍ത്തക കൂടിയായിരുന്നു ജോസഫൈന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker