27.7 C
Kottayam
Thursday, March 28, 2024

സഞ്ജു സാംസൺ മാജിക്ക്; ഇന്ത്യ എക്ക് രണ്ടാം ജയം, പരമ്പര

Must read

ചെന്നൈ: ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ രണ്ടാം ഏകദിനവും വിജയിച്ച് ഇന്ത്യ എ പരമ്പര നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ ക്യാപ്റ്റന്‍ സഞ്ജു സാംസണിനാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗില്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ചത് മാത്രമല്ല, രണ്ടാം ഏകദിനത്തില്‍ ഹാട്രിക് നേടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ അതിവിദഗ്ദമായി സഞ്ജു ഉപയോഗിച്ചതിന് കയ്യടിക്കാതെ വയ്യ. 

ചെന്നൈയില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എയുടെ ഇന്നിംഗ്‌സ് 47 ഓവറില്‍ 219 റണ്‍സില്‍ അവസാനിച്ചിരുന്നു. കിവീസ് വാലറ്റത്തെ മെരുക്കി ഹാട്രിക്കടക്കം നാല് വിക്കറ്റുമായി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് തുണയായത്. 41 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 188-5 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു കിവികള്‍. എന്നാല്‍ സ്‌പിന്നറായിട്ടും കുല്‍ദീപിന്‍റെ അവസാന ഓവര്‍ ഇന്നിംഗ്‌സിന്‍റെ ഒടുവിലേക്ക് പിടിച്ചുവെച്ച സഞ്ജു വന്‍ ട്വിസ്റ്റൊരുക്കി. ഐപിഎല്ലില്‍ യുസ്‌വേന്ദ്ര ചാഹലിനെ അതിവിദഗ്ധമായി ഉപയോഗിച്ചുള്ള പരിചയം മുതലാക്കുകയായിരുന്നു ക്യാപ്റ്റന്‍ സഞ്ജു. 

47-ാം ഓവറിലെ നാലാം പന്തില്‍ ലോഗന്‍ വാന്‍ ബീക്ക്(6 പന്തില്‍ 4, അഞ്ചാം പന്തില്‍ ജോ വോക്കര്‍(1 പന്തില്‍ 0), അവസാന പന്തില്‍ ജേക്കബ് ഡിഫ്ഫി(1 പന്തില്‍ 0) എന്നിവര്‍ കുല്‍ദീപിന്‍റെ കറങ്ങും പന്തിന് മുന്നില്‍ പുറത്തായി. ബീക്കിന്‍റെ ക്യാച്ച് പൃഥ്വി ഷായും വോക്കറിന്‍റേത് സഞ്ജു സാംസണും എടുത്തപ്പോള്‍ ഡിഫ്ഫി എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ കിവീസ് ഇന്നിംഗ്‌സ് 219ല്‍ അവസാനിച്ചു. നേരത്തെ സീന്‍ സോളിയയുടെ(49 പന്തില്‍ 28) വിക്കറ്റും കുല്‍ദീപിനായിരുന്നു. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 51 റണ്‍സിനാണ് നാല് പേരെ മടക്കിയത്. 

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയവുമായി ഇന്ത്യ എ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 37 റണ്‍സെടുത്തു. 48 പന്തില്‍ 77 റണ്‍സുമായി പൃഥ്വി ഷായും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ചൊവ്വാഴ്‌ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. നേരത്തെ ആദ്യ ഏകദിനം ഏഴ് വിക്കറ്റിന് ഇന്ത്യ എ വിജയിച്ചിരുന്നു. അന്ന് സഞ്ജു 32 പന്തില്‍ പുറത്താകാതെ 29* റണ്‍സെടുത്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week