30.6 C
Kottayam
Friday, April 26, 2024

ദുരഭിമാനം, ‘വെട്ടിക്കൊന്ന’ ഭർത്താവിന്റെ കുടുംബത്തിന് മകളായി, പോരാട്ടത്തിന്റെ പാതയിൽ പുതിയ സംരംഭവുമായി കൗസല്യ, പിന്തുണയുമായി നടി പാർവ്വതി

Must read

കോയമ്പത്തൂർ:ജാതിവിരുദ്ധ പോരാട്ടത്തിന്‍റെ മറുപേരാണ് കൗസല്യ. ദുരഭിമാനക്കൊല തകര്‍ത്ത ജീവിതം , പോരാടി തിരിച്ചുപിടിക്കുകയാണ് ഈ പെണ്‍കുട്ടി. കൺമുന്നിൽ ഭർത്താവ് ശങ്കർ പിടഞ്ഞു വീണപ്പോൾ തുടങ്ങിയ പോരാട്ടം. സ്വന്തം വീട്ടുകാര്‍ക്ക് എതിരായ നിയമപോരാട്ടം, മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകിയവള്‍. ഇന്ന് സ്വയം സംരംഭത്തിന്‍റെ പുതിയ പാതകൂടി തുറന്നിരിക്കുന്നു കോയമ്പത്തൂരില്‍. വെള്ളല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍. സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണ് ഏറെ സന്തോഷം നല്‍കുന്നതെന്ന് കൗസല്യ പറയുന്നു. 

നടി പാര്‍വ്വതിയാണ് കോയമ്പത്തൂരിലെത്തി സലൂണ്‍ ഉദ്ഘാടനം ചെയ്തത്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടി എന്നതാണ് പാര്‍വ്വതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് കൗസല്യ ആഗ്രഹിക്കാന്‍ കാരണം. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളുമെന്ന് കൗസല്യ ചൂണ്ടികാട്ടുന്നു. 2016ലാണ് ഭര്‍ത്താവ് ശങ്കറിനെ കൗസല്യയുടെ മുന്നിലിട്ട് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. 

തേവര്‍ സമുദായത്തിലുള്ള കൗസല്യയുടെ വീട്ടുകാര്‍ക്ക് മകള്‍ ദളിത് സമുദായത്തിലുള്ള ശങ്കറിനെ വിവാഹം ചെയ്തത് അപമാനമായി തോന്നിയിരുന്നു. പൊള്ളാച്ചിയിലെ എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഉദുമൽപേട്ട ബസ്‌ സ്റ്റാൻഡിനു സമീപം വച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച കൗസല്യക്കും കാര്യമായി പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവൾക്ക് പ്രായം 19 വയസ്സ്. 

മുടങ്ങിപ്പോയ പഠനവും ഭർത്താവിന്റെ കൊലപാതകവും മനസ്സിനെ തളർത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയിൽ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്‌സി കംപ്യൂട്ടർ സയന്‍സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. . ശങ്കറിന്റെ ഓർമ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കർ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കർ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് പകരം മകളായി നിന്ന് സംരക്ഷിച്ചു. 

 ജാതിവിവേചനത്തിനും ദുരഭിനാനങ്ങള്‍ക്കും എതിരായ പോരാട്ട മുഖമായി തമിഴകത്ത് കൗസല്യ മാറി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലി കൗസല്യയെ തേടിയെത്തിയെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തിന് തടയമാകുമെന്ന് വ്യക്തമായതോടെ ഉപേക്ഷിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ കോയമ്പത്തൂരിലെ പുതിയ സംരംഭം. പ്രതിസന്ധികളെ ധീരതയോടെ അതിജീവിക്കാനുള്ളതാണെന്ന മറുപടി മാത്രമാണ് പുതിയ ചുവടുവയ്പ്പിനെക്കുറിച്ച് ചോദിക്കുമ്പോഴും കൗസല്യക്ക് ഉള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week