കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തെയും, വിദേശ ഷോകളുടെയും പരസ്യചിത്രീകരണങ്ങളുടെയും മറവിൽ നടന്ന അനാശ്വാസ്യ ശ്രമങ്ങളെയും തന്റേടിയായ ഒരു സ്ത്രീ എന്ന നിലയിൽ താൻ എങ്ങനെ നേരിട്ടു എന്ന് വ്യക്തമാക്കുകയാണ് താരം.
ദുബായ് ഷോയ്ക്കിടയിൽ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ ‘ഭദ്രകാളി’യെപ്പോലെ പ്രതികരിച്ചതും, കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകി മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്തിയെയും കോർഡിനേറ്ററെയും ഡ്രൈവർ ആശിഖിനെ സാക്ഷിനിർത്തി ഹോട്ടലിന് പുറത്തിട്ട് ചോദ്യം ചെയ്തതും രഞ്ജിനി വെളിപ്പെടുത്തി. താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത കടുപ്പക്കാരിയായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അന്തസ്സോടെ പിടിച്ചുനിന്നതെന്നും, പ്രതികരിക്കാൻ ഭയപ്പെടുന്ന മറ്റ് പെൺകുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ രഞ്ജിനി ഹരിദാസ് തുറന്നുപറയുന്നു.
“ഒരു സ്വതന്ത്രയായ സ്ത്രീ എന്ന നിലയിൽ സ്വന്തം നിലപാടുകൾ വ്യക്തമായി സ്ഥാപിച്ചെടുക്കണമെങ്കിൽ, കരിയറിന്റെ തുടക്കത്തിൽ പലരുമായും തർക്കങ്ങളിലും വഴക്കുകളിലും ഏർപ്പെടേണ്ടി വരും. പലപ്പോഴും നമ്മൾ നമ്മുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ മാത്രമേ മറ്റുള്ളവർ അത് അംഗീകരിക്കാൻ തയ്യാറാകൂ. അത്തരം സാഹചര്യങ്ങളിൽ ഇങ്ങോട്ടും അങ്ങോട്ടും കടുത്ത രീതിയിലുള്ള വാദപ്രതിവാദങ്ങൾ എനിക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും പെരുമാറ്റത്തെയും കുറിച്ചാണ്.
ഞാൻ ആദ്യമായി ഈ മേഖലയിലേക്ക് കടന്നുവന്നപ്പോൾ എന്റെ കുടുംബത്തിൽ നിന്നും സമാനമായ ആശങ്കകൾ ഉയർന്നിരുന്നു. കാരണം, മിക്കപ്പോഴും ഉച്ചയ്ക്ക് ശേഷമായിരിക്കും നമ്മൾ പരിപാടികൾക്കായി പോകുന്നത്. ഷോയെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ രാത്രി പന്ത്രണ്ടോ ഒന്നോ മണിയാകും. തുടക്കത്തിൽ എന്റെ അമ്മയ്ക്കും അപ്പൂപ്പനും ഈ തൊഴിൽസാഹചര്യങ്ങൾ കൃത്യമായി മനസ്സിലായിരുന്നില്ല. എന്നാൽ, എന്റെ അമ്മ എപ്പോഴും ഒരു നിഴൽ പോലെ കൂടെ നിൽക്കാൻ തുടങ്ങിയതോടെ അവർക്ക് കാര്യങ്ങളിൽ വ്യക്തത വന്നു. അങ്ങനെയാണ് അമ്മ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തതും എനിക്ക് ആവശ്യമായ സ്വാതന്ത്ര്യം കുടുംബത്തിൽ നിന്ന് അനുവദിപ്പിച്ചു തന്നതും. സിനിമയിലോ മാധ്യമരംഗത്തോ ഉള്ളവർ മോശക്കാരാണ് എന്നൊരു ചീത്തപ്പേര് പൊതുവെ സമൂഹത്തിലുണ്ട്.
എന്നാൽ, അത് യഥാർത്ഥത്തിൽ അവിടുത്തെ തൊഴിൽ രീതികളെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ടാണ് ഉണ്ടാകുന്നത്. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം കുടുംബാംഗങ്ങളെയും കൂട്ടി ഇത്തരം ഷോകളുടെ ലൊക്കേഷനിൽ ഒരു തവണയെങ്കിലും പോയാൽ, അവിടെ പ്രത്യേകിച്ചൊന്നും നടക്കാനില്ലെന്നും വളരെ സാധാരണമായ ഒരു അന്തരീക്ഷമാണെന്നും അവർക്ക് തന്നെ ബോധ്യപ്പെടും.
ഞങ്ങൾ പരിപാടികൾക്കായി ദുബായ്, യു.എ.ഇ, യു.എസ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ധാരാളമായി യാത്ര ചെയ്യാറുണ്ട്. എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി ഒരു വിമാനയാത്ര നടത്തുന്നത്. മിസ് കേരള എന്ന പദവി ഉള്ളതുകൊണ്ട് യു.കെ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഷോകളിൽ പങ്കെടുക്കാനാണ് അന്ന് പോയത്. എന്റെ അമ്മയും കൂടെയുണ്ടായിരുന്നു. ജയറാമേട്ടൻ, പാർവതി ചേച്ചി തുടങ്ങിയ വലിയൊരു താരനിര ആ ഷോയിലുണ്ടായിരുന്നു. അവർ വളരെ മാന്യമായും സ്നേഹത്തോടെയുമാണ് എന്നെ പരിചരിച്ചത്. അതുകൊണ്ടുതന്നെ എല്ലാ ഷോകളും ഇതുപോലെ മനോഹരമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.
ഒരിക്കൽ നാലഞ്ചു ഷോകൾക്കായി ഞങ്ങൾ ദുബായിൽ പോയി. എനിക്ക് ഹോട്ടൽ താമസത്തോട് വലിയ താല്പര്യമില്ലാത്തതിനാലും കംഫർട്ടബിൾ അല്ലാത്തതിനാലും അവിടെയുള്ള എന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഞാൻ തങ്ങിയിരുന്നത്. അവിടെ റിഹേഴ്സലിനായി എത്തിയ ദിവസം കൂടെയുള്ള ചില വനിതാ ആർട്ടിസ്റ്റുകൾ എന്നോട് ഒരു പരാതി പറഞ്ഞു. രാത്രി സമയങ്ങളിൽ അവരുടെ ഹോട്ടൽ മുറികളിലേക്ക് അപരിചിതരായ ആളുകൾ ഫോൺ വിളിക്കുന്നുണ്ടെന്നും വന്ന് വാതിലിൽ മുട്ടുന്നുണ്ടെന്നും അവർ പറഞ്ഞു. അതിനിടയിൽ ആ ഷോയുടെ സ്പോൺസർമാരിൽ ഒരാൾ എന്നെയും വിളിച്ചിരുന്നു.
ഞാൻ അവിടെ വരുമ്പോൾ കാണാൻ താല്പര്യമുണ്ടെന്നും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കാമെന്നും അയാൾ പറഞ്ഞു. കാര്യങ്ങളുടെ ഗൗരവം ചിന്തിക്കാതെ ഞാൻ അതിന് സമ്മതിക്കുകയും ഞങ്ങൾ ഒന്നിച്ച് ലഞ്ചിന് പോവുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞയുടൻ ഒരു കടയിലേക്ക് പോകാമെന്നും എനിക്കൊരു മൊബൈൽ ഫോൺ വാങ്ങിത്തരാമെന്നും അയാൾ പറഞ്ഞു. ആദ്യത്തെ അനുഭവമായതുകൊണ്ട് അത്തരം വാഗ്ദാനങ്ങൾക്ക് പിന്നിലെ ലക്ഷ്യം മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അന്ന് എനിക്കുണ്ടായിരുന്നില്ല. എനിക്ക് ഫോണിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞാൻ ആ ഓഫർ നിരസിക്കുകയും തിരികെ പോരുകയും ചെയ്തു. പിന്നീട് സഹപ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ കൂടിയായപ്പോൾ അവിടുത്തെ അന്തരീക്ഷം അത്ര സുരക്ഷിതമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ആ ദുബായ് ഷോ കഴിഞ്ഞ ദിവസം രാത്രി, സംഘാടകർ ഞങ്ങളെ അത്താഴം കഴിക്കാനായി കൊണ്ടുപോയത് ഒന്നര മണിക്കൂറോളം ദൂരെയുള്ള ഒരു ഉൾപ്രദേശത്തേക്കാണ്. ഷോ കഴിഞ്ഞ് എല്ലാവരും കടുത്ത വിശപ്പോടെയാണ് ഇരിക്കുന്നത്. അവിടെയെത്തിയപ്പോൾ ഡിന്നർ എന്ന വ്യാജേന അവർ തങ്ങളുടെ കുറേ സുഹൃത്തുക്കളെ അങ്ങോട്ട് വിളിച്ചുവരുത്തിയിരിക്കുകയായിരുന്നു. അവിടെ മദ്യവും മറ്റ് അനാവശ്യമായ കാര്യങ്ങളുമൊക്കെയാണ് നടന്നിരുന്നത്. ഇതൊന്നും മുൻകൂട്ടി അറിയാതെയാണ് ഞങ്ങൾ അവിടെ ചെന്നുപെട്ടത്. സമയം വൈകുംതോറും കൂടെയുണ്ടായിരുന്ന നടീനടന്മാരും മറ്റ് ആർട്ടിസ്റ്റുകളുമെല്ലാം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. ആ സാഹചര്യം വളരെ മോശവും സംശയാസ്പദവുമായി എനിക്കും തോന്നി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ദേഷ്യപ്പെടുകയും ഭദ്രകാളിയെപ്പോലെ ശക്തമായി പ്രതികരിക്കുകയും ചെയ്ത ഒരു ദിവസമായിരുന്നു അത്.
കാരണം, ആ സാഹചര്യത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ കടുത്ത അപമാനം എനിക്ക് തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ അച്ഛനും ഉണ്ടായിരുന്നു. ഡിന്നർ എന്ന് പറഞ്ഞ് കള്ളം ബോധിപ്പിച്ച് ഞങ്ങളെ ആ കെണിയിൽ കൊണ്ടുപോയി ചാടിക്കുകയായിരുന്നു അവർ ചെയ്തത്. അവിടുത്തെ ആളുകളിൽ നിന്നും സംഘാടകർ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ട കടുത്ത അപകടം പിടിച്ച ഒരു സാഹചര്യമായിരുന്നു അത്. ഞാൻ അവിടെ വെച്ച് വലിയ രീതിയിൽ ഒച്ചപ്പാടുണ്ടാക്കുകയും ശക്തമായി സംസാരിക്കുകയും ചെയ്തു. അത്രയും വലിയ താരങ്ങൾ കൂടെയുണ്ടായിരുന്നിട്ടും പെട്ടെന്നുള്ള ആ സാഹചര്യത്തിൽ എന്നെ സംരക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ ഞാൻ തന്നെ മുൻകൈയെടുത്ത് ഒച്ചയും ബഹളവുമുണ്ടാക്കിയാണ് ഞങ്ങൾ അവിടെനിന്നും രക്ഷപ്പെട്ടത്. അപ്പോഴാണ് എന്നെ ഉച്ചഭക്ഷണത്തിന് കൊണ്ടുപോയ ആളുടെ ഉദ്ദേശവും മറ്റൊന്നായിരുന്നിരിക്കാം എന്ന് എനിക്ക് മനസ്സിലായത്.
ഇതുപോലൊരു അനുഭവം വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ വെച്ച് എനിക്കുണ്ടായിട്ടുണ്ട്. നല്ലൊരു പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു വെഡ്ഡിംഗ് പരസ്യത്തിന്റെ ചിത്രീകരണത്തിനായി മാസ്കറ്റ് ഹോട്ടലിൽ എത്തിയതായിരുന്നു ഞാൻ. ഷൂട്ടിംഗെല്ലാം ഭംഗിയായി പൂർത്തിയായി, ക്ലയന്റുമായി സംസാരിച്ച ശേഷം ഞാൻ മടങ്ങാൻ തയ്യാറെടുത്തു. എന്നാൽ, അവിടുത്തെ ഒരു വ്യക്തി എന്നോട് അവിടെ തങ്ങാൻ ആവശ്യപ്പെട്ടു. എനിക്ക് മറ്റ് ജോലികളുള്ളതിനാൽ പോകണം എന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് ‘സ്റ്റാർ സിംഗർ’ പരിപാടിയുടെ കാലഘട്ടമായതിനാൽ, എന്റെ കൂടെ എപ്പോഴും ഓൾ ഇൻ ഓൾ ആയി ഉണ്ടാകാറുള്ള ഡ്രൈവർ ആശിഖും കൂടെയുണ്ടായിരുന്നു.
ഞാൻ ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയപ്പോൾ, പരസ്യത്തിന്റെ പണം തരാനായി ഈ വ്യക്തി അങ്ങോട്ട് വന്നു. പണം കൈമാറിയ ശേഷവും അയാൾ അവിടെനിന്നും പോകാൻ തയ്യാറാകാതെ നിൽക്കുകയായിരുന്നു. എന്തുകൊണ്ടാണ് പോകാത്തത് എന്ന് ചോദിച്ചപ്പോൾ, രാത്രി അവിടെ തങ്ങുന്നത് ഈ കരാറിന്റെ ഭാഗമാണെന്ന് അയാൾ വളരെ നേരിട്ട് പറഞ്ഞു. ഈ വിവരം ആരാണ് തന്നോട് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ, ആ പരസ്യത്തിന്റെ കോർഡിനേറ്ററാണ് തനിക്ക് ഈ ഉറപ്പ് നൽകിയതെന്ന് അയാൾ വെളിപ്പെടുത്തി. ഇത് കേട്ടയുടൻ ഞാൻ അയാളെ മുറിക്ക് പുറത്താക്കി താഴേക്ക് കൊണ്ടുപോവുകയും ആശിഖിനെ വിളിച്ചുകൂട്ടി ഹോട്ടലിന് പുറത്തുവെച്ച് ആ കോർഡിനേറ്ററെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്റെ കൂടെ കിടന്നുറങ്ങാം എന്ന് താനാണോ ഇയാളോട് പറഞ്ഞതെന്ന് ഞാൻ കോർഡിനേറ്ററോട് നേരിട്ട് ചോദിച്ചപ്പോൾ, അയാൾ ഭയന്നുപോവുകയും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് തിരുത്തുകയും ചെയ്തു. ആശിഖിനെ സാക്ഷിനിർത്തി ഞാൻ അവരെ രണ്ടുപേരെയും കടുത്ത ഭാഷയിൽ ചോദ്യം ചെയ്തപ്പോൾ അവർ പരസ്പരം കുറ്റപ്പെടുത്തി രക്ഷപ്പെടാൻ നോക്കുകയായിരുന്നു.
അതിനുശേഷം, എന്നോട് മോശമായി സംസാരിച്ച ആ വ്യക്തിയുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾക്ക് ഭാര്യയും മക്കളുമുള്ളതാണെന്ന് എനിക്കറിയാമായിരുന്നു. അയാൾ തന്റെ വീട്ടിൽ ഭാര്യയും മക്കളും തനിക്കായി ഡിന്നർ ഒരുക്കി കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ, എങ്കിൽ വഴിയിൽ വെച്ച് അവരെക്കൂടി കണ്ടിട്ട് പോകാം എന്ന് ഞാൻ തീരുമാനിച്ചു. കാരണം, അത്രയധികം ദേഷ്യവും കടുംകൈ ചെയ്യാനുള്ള വാശിയും എനിക്ക് വന്നിട്ടുണ്ടായിരുന്നു. വലിപ്പമുള്ള ശരീരപ്രകൃതിയുള്ള ആശിഖിനെ കണ്ട് അയാൾ ആകെ പേടിച്ചിരുന്നു. ഞങ്ങൾ അയാളെയും കൂട്ടി ഞങ്ങളുടെ വണ്ടിയിൽ കയറ്റി അയാളുടെ വീട്ടിലേക്ക് തിരിച്ചു.
യാത്രയിലുടനീളം ഞാൻ അയാൾക്ക് കടുത്ത ഭാഷയിൽ ക്ലാസ് എടുത്തു. “നിങ്ങളുടെയൊക്കെ വിചാരം എന്താണ്? ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഇതാണോ പണി? ഞങ്ങൾ ഇവിടെ വരുന്നത് കഠിനാധ്വാനം ചെയ്ത് ജോലി ചെയ്യാനും അന്തസ്സോടെ ജീവിക്കാനുമാണ്” എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അയാൾ ആകെ ഭയന്ന് എന്നോട് മാപ്പ് അപേക്ഷിച്ചു കൊണ്ടിരുന്നു. ഞാൻ ആരുടെ കൂടെ കിടക്കണം എന്നത് പൂർണ്ണമായും എന്റെ വ്യക്തിപരമായ ചോയ്‌സ് ആണ്. അത് നാട്ടുകാർക്ക് തീരുമാനിക്കാനുള്ളതല്ല.
അയാളുടെ വീട്ടിലെത്തിയപ്പോൾ താഴെ വെച്ച് വലിയ പ്രശ്നമായി. അയാൾക്ക് വീട്ടിലേക്ക് കയറാൻ ഭയമായിരുന്നു. ഞാൻ അയാളുടെ ഭാര്യയോടും കുടുംബത്തോടും ഈ കാര്യങ്ങൾ തുറന്നു പറയുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ, ഞാനായിട്ട് ഒരാളുടെ കുടുംബജീവിതം തകർക്കണോ എന്ന പഴയൊരു ചിന്ത വന്നതുകൊണ്ടും, ശാരീരികമായി മോശമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാലും ഞാൻ ശാന്തയായി. എങ്കിലും ഞാനും ആശിഖും അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അവിടെ അയാളുടെ അമ്മയും, ഭാര്യയും, മക്കളും, സഹോദരിമാരുമടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ഉണ്ടായിരുന്നത്. അവർ വളരെ നല്ല മനുഷ്യരായിരുന്നു. അവർ എന്നെ സ്നേഹത്തോടെ ‘മോളെ’ എന്ന് വിളിച്ച് വലിയ രീതിയിൽ സൽക്കരിച്ചു. ഇതുകണ്ടപ്പോൾ എനിക്ക് അയാളോട് കടുത്ത അറപ്പാണ് തോന്നിയത്. പുറമെ മാന്യനായി ജീവിക്കുകയും മറുഭാഗത്ത് സ്ത്രീകളോട് ഇത്രയും വൃത്തികെട്ട രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഇത്തരം എത്രയോ മനുഷ്യർ ഈ ലോകത്തുണ്ട് എന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് നൽകിയ പലഹാരവും കഴിച്ച്, അയാളെ ഇനിയൊരിക്കലും ഇത് ആവർത്തിക്കരുത് എന്ന് ഭീഷണിപ്പെടുത്തിയാണ് ഞാൻ ഇറങ്ങിയത്. ഈ സംഭവത്തിന്റെ പൂർണ്ണമായ ഗൗരവം എനിക്കും ആശിഖിനും ആ വ്യക്തിക്കും മാത്രമേ ഇന്നും അറിയുകയുള്ളൂ.
വിനോദ വ്യവസായത്തിൽ ഞങ്ങൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് വ്യാജ അപവാദങ്ങൾ. ഒരു സ്ത്രീ കരിയറിൽ വിജയിക്കുന്നതും സ്വതന്ത്രമായി ഒറ്റയ്ക്ക് ജീവിക്കുന്നതും സഹിക്കാൻ ഇവിടുത്തെ സമൂഹത്തിന് കടുത്ത ബുദ്ധിമുട്ടാണ്. ഒരു സ്ത്രീ പണമുണ്ടാക്കുന്നത് മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിട്ടിട്ടാണ് എന്ന് വളരെ എളുപ്പത്തിൽ ആളുകൾ പറഞ്ഞുണ്ടാക്കും. കിടക്ക പങ്കിട്ട് പണമുണ്ടാക്കുക എന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണിയാണെന്നാണ് ഇവരുടെ വിചാരം. എന്നാൽ, ഏത് മേഖലയിലാണെങ്കിലും കഠിനാധ്വാനം ചെയ്ത് അന്തസ്സോടെ സ്വന്തം കാലിൽ ജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം. ഞാൻ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളില്ല, പരമ്പരാഗതമായ പല സാമൂഹിക രീതികളെയും ലംഘിച്ച് ജീവിക്കുന്ന ആളാണ്. നമ്മുടെ സമൂഹത്തിൽ അത്തരം രീതികൾ മാറ്റാൻ ശ്രമിച്ചാൽ നമ്മളെ മോശക്കാരായി ചിത്രീകരിക്കുക എന്നത് സ്വാഭാവികമാണ്. ഈ ഒരു തെറ്റായ ടാഗ് ഇൻഡസ്ട്രിയിൽ ഉള്ളതുകൊണ്ട് തന്നെ ആളുകൾ ഞങ്ങളെ വളരെ മോശമായി ചിന്തിക്കുന്നു.
ഈ 30 വർഷത്തെ കരിയറിൽ ഇത്തരം മോശം അനുഭവങ്ങൾ എന്നെ മാനസികമായി തളർത്തിയിട്ടില്ല, പകരം ഇത്തരം ആളുകളോട് എങ്ങനെ കൂടുതൽ കടുപ്പത്തിൽ പെരുമാറണം എന്ന് എന്നെ പഠിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, യാതൊരു വിവരവുമില്ലാതെ കേവലം ഫോട്ടോകൾ കണ്ടിട്ട് ആളുകൾ നടത്തുന്ന പ്രചാരണങ്ങളാണ് ഏറ്റവും കഷ്ടം. മുൻപ് ലൗഞ്ച് ബാറിൽ വെച്ച് ഞാൻ ടെകീല ഷോട്ട് എടുക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നിരുന്നു. അന്ന് എന്റെ കൂടെ എന്റെ ബോയ്ഫ്രണ്ടും ഉണ്ടായിരുന്നു. ആ ഫോട്ടോ പ്രചരിച്ചതോടെ ‘രഞ്ജനി കള്ളുകുടിച്ചു’ എന്ന രീതിയിൽ വലിയ വാർത്തകളായി. ഞാൻ പ്രായപൂർത്തിയായ ഒരു സ്ത്രീയാണ്, എനിക്ക് ബോയ്ഫ്രണ്ട് ഉണ്ട്, ഒരു പാർട്ടിയിൽ എൻജോയ് ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അത് രഹസ്യമായി ഫോട്ടോ എടുത്ത് പബ്ലിക് ആക്കിയവനാണ് യഥാർത്ഥ കുറ്റക്കാരൻ.
അതുപോലെ തന്നെ എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിച്ച ഒന്നാണ് എം.എം.എസ് വീഡിയോ വിവാദം. ഇന്നും സോഷ്യൽ മീഡിയയിലെ എന്റെ കമന്റ് സെക്ഷനിൽ വന്ന് ആളുകൾ ചോദിക്കാറുണ്ട്, ‘ഇവളുടെ ആ വീഡിയോ നിങ്ങൾ കണ്ടിട്ടില്ലേ’ എന്ന്. അന്നും ഇന്നും എനിക്ക് പറയാനുള്ളത് ഒന്നുമാത്രമാണ്; ആ വീഡിയോയിലെ പെൺകുട്ടി ഞാനായിരുന്നെങ്കിൽ എനിക്ക് വലിയ സന്തോഷമായേനെ. കാരണം, അത്രയും നല്ല ശരീരഭംഗിയുള്ള മനോഹരമായ ഒരു കുട്ടിയായിരുന്നു അത്. എനിക്ക് അങ്ങനെയൊരു ഭാഗ്യമൊന്നും ദൈവം തന്നിട്ടില്ല. ആളുകൾ എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ തയ്യാറായി നിൽക്കുകയാണ്. ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ മാറിയതുകൊണ്ട് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ എന്റെ പേര് ഉപയോഗിച്ച് അന്ന് ആ വീഡിയോ വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇത്തരം മോശം റെപ്യൂട്ടേഷൻ നമ്മൾ തേടിപ്പോകേണ്ടതില്ല, ആരെങ്കിലും നമ്മുടെ പേര് വച്ച് എന്തെങ്കിലും ഇറക്കിയാൽ മതി, അത് തനിയെ നമ്മളിലേക്ക് വന്നോളും.
‘‘നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ, അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. ഒരിക്കൽ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു സംഭവം നടന്നു. പൊതുവെ ഞാൻ എല്ലാവരോടും അടുത്തിടപഴകുന്ന ആളല്ല. ഒരിക്കൽ ആ വ്യക്തി ഒരു ഷർട്ട് ഇടാത്ത ചിത്രം എനിക്ക് അയച്ചു തന്നു, തിരിച്ചു ഞാനും അത്തരത്തിൽ ഒരു ഫോട്ടോ അയക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു നിങ്ങൾക്ക് എന്താണ് കുഴപ്പം? മറ്റൊരിക്കൽ ഒരു സംഗീതലോകത്ത് പ്രശസ്തനായ ഒരു വ്യക്തിഎന്നോട് മോശമായ രീതിയിൽ സംസാരിക്കുകയും കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അയാളുടെ ഡയലോഗ് “ഞാൻ എല്ലാ വാതലിലും മുട്ടും താല്പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ.” ഞാൻ പറഞ്ഞു വളരെ നല്ല കാര്യം, പെർമിഷൻ ചോദിച്ച് എന്ത് കോപ്പ് വേണമെങ്കിലും ചെയ്തോളൂ അത് തരാത്തവരെ ബുദ്ധിമുട്ടിക്കരുത്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ശക്തമായി പ്രതികരിക്കാറുണ്ട്. അതുപോലെ തന്നെ, എനിക്ക് അറിയാവുന്ന ഒരു പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർ ഉണ്ട്. അദ്ദേഹം പലപ്പോഴും എന്നെ വിളിച്ച്, ഇന്ന നാട്ടിൽ ഒരു ഉദ്ഘാടന പരിപാടിയുണ്ടെന്നും ചോദിക്കുന്ന അത്രയും പണം അവർ തരുമെന്നും പറയും. എന്നാൽ അതിനൊപ്പം ‘പക്ഷേ’ എന്ന് ചേർത്ത് മറ്റ് ചില ആവശ്യങ്ങൾ കൂടി ഉണ്ടെന്ന് സൂചിപ്പിക്കും. അപ്പൊ ഞാൻ പറയും ചേട്ടാ ഈ പക്ഷേ വർക്ക് ചെയ്യില്ല. അദ്ദേഹം കുറെ ആര്ടിസ്റ്റിന്റെ പേര് ഒക്കെ പറഞ്ഞു പക്ഷെ ഞാൻ പറഞ്ഞു അത്തരം കാര്യങ്ങൾ എന്നോട് ചോദിക്കാൻ നിൽക്കേണ്ട എന്ന് ഞാൻ അദ്ദേഹത്തോട് കർശനമായി പറഞ്ഞിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ ചോയ്‌സ് നോക്കാതെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്ന ഷോ കോർഡിനേറ്റർമാർ ഇന്നും ഈ നാട്ടിലുണ്ട് എന്നത് വളരെ സങ്കടകരമാണ്. നമ്മൾ ഒരു ഉദ്ഘാടനത്തിന് പോകുന്നത് നമ്മുടെ കരിയറിലെ ടാലന്റും പ്രശസ്തിയും കണ്ടിട്ടാണ്, അല്ലാതെ മറ്റ് ആവശ്യങ്ങൾക്കല്ല. ക്ലീൻ ആയിട്ടുള്ള ഷോകൾക്ക് അദ്ദേഹം വിളിക്കുമ്പോൾ ഞാൻ ഇന്നും പോകാറുണ്ട്.
എന്റെ 15-ാം വയസ്സിൽ മോഡലിങ് തുടങ്ങി, ഇപ്പോൾ 44 വയസ്സിലെത്തി നിൽക്കുന്ന ഏതാണ്ട് 30 വർഷത്തെ നീണ്ട കരിയറിൽ എനിക്കുണ്ടായിട്ടുള്ള വ്യക്തിപരമായ മോശം അനുഭവങ്ങൾ ഇവയൊക്കെ മാത്രമാണ്. ഓൺലൈനിലെ ആൾക്കൂട്ടത്തിന്റെ വെറുപ്പും സൈബർ ആക്രമണങ്ങളുമൊക്കെ എന്റെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമായിരുന്നു, ഞാനത് ഒരു പരിധിവരെ ആസ്വദിച്ചിട്ടുമുണ്ട്. പ്രതികരിക്കാത്ത, മിണ്ടാതിരിക്കുന്ന മറ്റ് പെൺകുട്ടികളുടെ അനുഭവങ്ങൾ എത്രത്തോളം കഠിനമായിരിക്കും എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എല്ലാ ഇൻഡസ്ട്രിയിലും ഇത്തരം പ്രശ്നങ്ങളുണ്ട്. ഞാൻ പണ്ട് ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തും കഴിവുള്ളവർക്കല്ല, മറിച്ച് ചില പ്രത്യേക ബന്ധങ്ങൾ ഉള്ളവർക്കാണ് പ്രമോഷൻ ലഭിക്കുന്നത് എന്ന് ഞാൻ കണ്ടിട്ടുണ്ട്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമാണ് എനിക്ക് സമൂഹത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇന്നത്തെ ബഹുമാനവും അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞത്.”
Renowned anchor Ranjini Haridas opened up about the dark side of her 30-year career, addressing society’s tendency to label independent women as sex workers. In a video shared on her YouTube channel, she recalled two harrowing incidents—a trap set by organizers during a Dubai show where she reacted like ‘Bhadrakali’, and a commercial shoot in Kannur where she publicly confronted a coordinator and client who expected her to compromise. Ranjini stated that her uncompromising nature helped her survive with dignity and expressed concern over young girls who fear to react.

