26.6 C
Kottayam
Thursday, March 28, 2024

കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; തിരുവനന്തപുരത്തും കൊച്ചിയിലും ഐസിയു കിടക്കകൾ നിറഞ്ഞു

Must read

തിരുവനന്തപുരം : സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞിരിക്കുകയാണ്.

നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 10,4541 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും പ്രതിദിന കേസുകൾ കാൽലക്ഷത്തിന് മുകളിലാകുമെന്നാണു കണക്കുകൂട്ടുന്നത്. ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതോടെ തീവ്രപരിചരണം വേണ്ടവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞു. ഇതേ തുടർന്ന് ബദൽക്രമീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ കോളജിൽ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവച്ച് കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചു. ഇവിടെ 1,400 കിടക്കകൾ സജ്ജീകരിക്കാനാണ് ശ്രമം.

എറണാകുളത്തും കോഴിക്കോട്ടും ചികിത്സയിലുള്ളത് ഇരുപതിനായിരത്തിലധികം പേരാണ്. മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിലും ഐസിയു സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്. രോഗികൾ മൂന്നര ലക്ഷം കടന്നാൽ ചികിത്സാ സംവിധാനങ്ങൾക്ക് താങ്ങാനാകില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്.

കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്തുള്ള വാരാന്ത്യ നിയന്ത്രണം എറണാകുളം ജില്ലയിൽ ഇന്നും കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ കൊവിഡ് കെയർ സെന്‍ററുകൾ നിറഞ്ഞു. ജില്ലയിൽ ഇനി 1,146 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്.

വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സീൻ സ്റ്റോക്ക് ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും. എറണാകുളം സിറ്റി, ആലുവ റൂറൽ മേഖലകളിൽ പോലീസിന്‍റെ വാരന്ത്യ പരിശോധനയിൽ ഇന്നലെ മാത്രം 232 കേസുകൾ റജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഇന്നും പരിശോധന തുടരുമെന്ന് പോലീസ് മേധാവിമാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week