‘മോഹൻലാൽ അഭിനയിക്കുന്നതിനാൽ സിനിമ കാണുന്നില്ലെന്ന് തീരുമാനിച്ചു, അയാൾക്കായി സിനിമ ഉണ്ടാക്കുന്നു’ മൈത്രേയൻ!
കൊച്ചി:എന്നും വേറിട്ട വഴികളിലൂടെ ജീവിച്ച വ്യക്തിത്വമാണ് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ മൈത്രേയൻ. മലയാളി ലിവിങ്ങ് ടുഗദറിനെയൊക്കെ കുറിച്ച് കേൾക്കുന്നതിന് മുമ്പെ തന്നെ അങ്ങനെ ജീവിച്ച മകളെപ്പോലും സുഹൃത്തായി കാണാൻ പഠിപ്പിച്ച വ്യക്തിയാണ് മൈത്രേയൻ.
വ്യക്തിസ്വാതന്ത്രത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയുമൊക്കെ വക്താവായ മൈത്രേയൻ ഇപ്പോൾ ശാസ്ത്ര പ്രചാരകൻ എന്ന നിലയിലാണ് നവ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഏത് വിഷയത്തിലും തന്റേതായ കാഴ്ചപ്പാടും നിലപാടും മൈത്രേയനുണ്ട്.
അത് പലപ്പോഴും വെളിപ്പെടുത്തുമ്പോൾ വിമർശനം മൈത്രേയന് കേൾക്കേണ്ടി വരാറുമുണ്ട്. അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ കനി കുസൃതിയുടെ പിതാവുമായ മൈത്രേയൻ സിനിമയെ കുറിച്ചും സൂപ്പർ താരങ്ങളുടെ സിനിമാ തെരഞ്ഞെടുപ്പുകളെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മോഹൻലാൽ അഭിനയിക്കുന്നത് കൊണ്ട് മാത്രം സിനിമ കാണുന്നില്ലെന്ന് താൻ തീരുമാനിച്ചുവെന്നും ഒരു കാലത്ത് മോഹൻലാൽ സിനിമകൾ കാണാൻ വേണ്ടി മാത്രം നടന്നിരുന്ന വ്യക്തിയായിരുന്നു താനെന്നും മൈത്രേയൻ പറയുന്നു. ജഗതി ശ്രീകുമാർ എന്ന അഭിനേതാവിനെ കുറിച്ചും യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൈത്രേയൻ സംസാരിച്ചു.
മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും മികച്ച നടൻ ജഗതി ശ്രീകുമാറാണെന്ന് പറയാനുണ്ടായ കാരണം ചോദിച്ചപ്പോഴാണ് താരങ്ങളുടെ സിനിമാ തെരഞ്ഞെടുപ്പിനെ കുറിച്ച് മൈത്രേയൻ പറഞ്ഞത്. ‘ജഗതി ശ്രീകുമാറിന്റെ അഭിനയം കാണുമ്പോൾ അയാൾക്ക് വേഴ്സറ്റാലിറ്റി കൂടുതലാണെന്ന് കാണിക്കുന്നുണ്ട്.’
‘മാൻ മാനേജ്മെന്റ് ഇല്ലാത്തതുകൊണ്ടല്ല ജഗതി വലിയ നടനാകാതെ പോയത്. മമ്മൂട്ടിയും മോഹൻലാലുമൊന്നും മാൻ മാനേജ്മെന്റ് കൊണ്ടല്ല വലിയ നടന്മാരായത്. പണം കൊണ്ടും ആധിപത്യം കൊണ്ടും ആളുകളെ കോർഡിനേറ്റ് ചെയ്യാനുള്ള കഴിവ് കൊണ്ടുമാണ്. അവർ ഇൻഡസ്ട്രിയെ കൈകാര്യം ചെയ്യുന്ന ഒരു വശമുണ്ട് അത് വേറെയാണ്.’
‘വ്യത്യസ്തമായ കഥാപാത്രങ്ങളെ ഓരേപോലെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള നടനാണ് ജഗതി ശ്രീകുമാർ. അതുകൊണ്ട് തന്നെ മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്നും അർത്ഥമില്ല. മോഹൻലാലിന്റെ സിനിമ കാണാൻ മാത്രം തിയേറ്ററിൽ പോയിട്ടുള്ള ഒരു കാലം എനിക്കുണ്ട്. അതുപോലെ തന്നെ മോഹൻലാൽ അഭിനയിക്കുന്നത് കൊണ്ട് സിനിമ കാണാൻ പോകുന്നില്ലെന്ന തീരുമാനത്തിലാണ് ഇപ്പോൾ.’
‘അയാൾക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അല്ലാതെ കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നടനല്ല ഇന്ന് മോഹൻലാൽ. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്ക് വേണ്ടി സിനിമകൾ ഉണ്ടാക്കുന്നത് പോലെയാണ്. അങ്ങനെ അല്ലാത്ത സിനിമകളും ഇവർ രണ്ടുപേരും ചിലപ്പോൾ ചെയ്യാറുണ്ട്.’
‘മോഹൻലാലിന് ഡേറ്റുണ്ട്. അതുകൊണ്ട് അയാൾക്ക് പറ്റിയ കഥ എഴുതാം എന്ന ഇടത്ത് കാര്യങ്ങൾ എത്തിയപ്പോഴാണ് അസംബന്ധം പിടിച്ച സിനിമകൾ വരാൻ തുടങ്ങിയത്. പരാജയപ്പെടുന്ന സിനിമകളിലാണ് നിരന്തരം മോഹൻലാൽ അഭിനയിക്കുന്നതെന്നും’, മൈത്രേയൻ പറയുന്നു.
അടുത്തിടെയായി സ്ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിൽ മോഹൻലാലിലെ നടൻ വല്ലാതെ പിറകോട്ട് പോയി എന്നത് അദ്ദേഹത്തിന്റെ ആരാധകരും സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മോഹൻലാൽ സിനിമകളിൽ ട്വൽത്ത് മാൻ മാത്രമാണ് ബേധപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആറാട്ട്, മോൺസ്റ്റർ എന്നിവയെല്ലാം വൻ പരാജയമായിരുന്നു.
അതുപോലെ തന്നെ ഈ വർഷം തുടക്കത്തിൽ റിലീസ് ചെയ്ത എലോണും സമ്മിശ്രപ്രതികരണമാണ് നേടിയത്. അടുത്തിടെ റിലീസ് ചെയ്ത തമിഴ് സിനിമ ജയിലറിലെ മോഹൻലാലിന്റെ പ്രകടനാണ് കുറച്ചെങ്കിലും ആശ്വാസം മോഹൻലാൽ ആരാധകർക്ക് നൽകിയത്. ഇനി വരാനിരിക്കുന്ന നേര്, മലൈകോട്ടൈ വാലിബൻ എന്നിവയിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ.