ബിജെപിക്ക് അടിപതറും,ഡൽഹിയിൽ 7 സീറ്റുകളിലെ വിജയം നിലനിർത്താനാകില്ല, സർവ്വേ ഫലം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ ഫലം. ടൈംസ് നൗ-നവ്ഭാരത് ഇടിജി സര്‍വ്വേയാണ് ബിജെപിക്ക് ഡല്‍ഹിയില്‍ സീറ്റുകള്‍ കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ 7 ലോക്‌സഭാ സീറ്റുകള്‍ ആണുളളത്. 2014ലും 2019ലും ഈ 7 സീറ്റുകളും ബിജെപി തൂത്തുവാരി. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ കാഴ്ചക്കാരായി നിന്നു. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞേക്കാനാണ് സാധ്യത.

ഡല്‍ഹിയില്‍ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കുക. എന്നാല്‍ 7 സീറ്റുകളില്‍ 5 മുതല്‍ 6 സീറ്റുകളില്‍ ബിജെപി വിജയിക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 1 മുതല്‍ 2 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. മറ്റുളളവര്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.

ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂ ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നിവയാണ് ഡല്‍ഹിയിലെ 7 ലോക്‌സഭാ മണ്ഡലങ്ങള്‍. 2019ല്‍ 4,908,541 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്തതിന്റെ 56.9 ശതമാനം വോട്ടും ബിജെപി സ്വന്തമാക്കി. രണ്ടാമത് എത്തിയ കോണ്‍ഗ്രസിന് 22 ശതമാനം വോട്ട് ആണ് ലഭിച്ചത്. അതായത് 1,953,900 വോട്ട്.

ആം ആദ്മി പാര്‍ട്ടി 2019ല്‍ മൂന്നാം സ്ഥാനത്ത് ആണ് എത്തിയത്. 1,571,687 വോട്ടാണ് ആപ് നേടിയത്. അതായത് 18.1 ശതമാനം വോട്ട്. 2019ലെ ദേശീയ രാഷ്ട്രീയ സാഹചര്യമല്ല 2014ലേത്. 2019ല്‍ എതിര്‍പക്ഷത്ത് നിന്ന് മത്സരിച്ച കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇന്ന് ഒരേ ചേരിയിലാണ്. അതേസമയം സീറ്റുകള്‍ ഇരുപാര്‍ട്ടികളും എങ്ങനെയാണ് പങ്കുവെയ്ക്കുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. 7 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞത് ഇന്ത്യ മുന്നണിയില്‍ അതൃപ്തിക്ക് വഴിവെച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News