30 C
Kottayam
Friday, April 26, 2024

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Must read

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, വയനാട് എസ്.പി, വെള്ളമുണ്ട സ്റ്റേഷന്‍ ഓഫീസര്‍, എഫ്.സി.സി സൂപ്പീരിയര്‍ ജനറല്‍ സി.ആന്‍ ജോസഫ്, കാരയ്ക്കാമല എഫ്.സി.സി മദര്‍ സുപ്പീരിയര്‍ സി.ലിജി മരിയ, മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ.നോബിള്‍ തോമസ്, കാരയ്ക്കാമല വികാരിയായിരുന്ന ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സി.ലൂസി കോടതിയെ സമീപിച്ചത്.

മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തു. ഇത് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

നീതിക്കു വേണ്ടി സമരം ചെയ്യേണ്ടിവരുന്ന തന്നെപ്പോലെയുള്ള അനേകം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്നതാണ് വിധിയെന്നും വിശ്വാസികള്‍ക്ക് മാതൃകയാകേണ്ട കത്തോലിക്കാ സഭ ഇനിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികള്‍ അവസാനിപ്പിച്ച് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാന്‍ തയ്യാറാകണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week