KeralaNews

കാന്തല്ലൂരിൽ അതിതീവ്രമഴ: പത്തിടത്ത് മണ്ണിടിച്ചിൽ, 40 വീടുകൾക്ക് കേടുപാട്; വാഹനങ്ങൾ ഒഴുകിപ്പോയി

മറയൂർ: മൂന്നുമണിക്കൂർ മാത്രം തുടർന്ന കനത്തമഴയിൽ കാന്തല്ലൂരിൽ വ്യാപകനാശം. കീഴാന്തൂർ ഗ്രാമത്തിന് സമീപം ശിവബന്തിയിൽ വലിയതോതിൽ ഉരുൾപൊട്ടി. പ്രദേശത്തെ പത്തിടങ്ങളിൽ മണ്ണിടിഞ്ഞു. 40 വീടുകൾ ഭാഗികമായി തകർന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു. മൂന്നു സ്കൂട്ടറുകൾ ഒഴുകിപ്പോയി.

കോവിൽക്കടവ് ടൗണിൽ വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഇവിടുത്തുകാരനായ കൃഷ്ണ (46) ന് കാലിന് ഗുരുതരമായി പരിക്കേറ്റു. കനത്തമഴയിൽ ഒഴുകിപ്പോയ സ്കൂട്ടർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പുത്തൂർ സ്വദേശി ദാമോദര (30)ന്റെ രണ്ടുവിരലുകൾ അറ്റുപോയി. പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്ക് ഉടുമൽപേട്ടയിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച രാത്രി 8.30-നാണ് കനത്തമഴ ആരംഭിച്ചത്. 11.30-ന് മഴ കുറഞ്ഞു. മഴയിൽ നിരവധിറോഡുകൾ ഗതാഗതയോഗ്യമല്ലാതായി. മരപ്പാലങ്ങൾ ഒഴുകിപ്പോയി. പാമ്പാറും കന്നിയാറും ചെങ്കലാറും തീർത്ഥമലയാറും കരകവിഞ്ഞൊഴുകി. പാമ്പാറ്റിൻതീരത്തുള്ള കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളംകയറി.

ചെറുവാട് പാലം വെള്ളത്തിൽ മുങ്ങി. മറയൂർ കാന്തല്ലൂർ റോഡിൽ നാലിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പുലർച്ചെ നാലുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വെളുത്തുള്ളി, ശീതകാല പച്ചക്കറി കൃഷി എന്നിവ വ്യാപകമായി നശിച്ചു.നിരവധി റിസോർട്ടുകൾ പണിതുകൊണ്ടിരിക്കുന്ന ശിവബന്തിയിൽ ഉരുൾപ്പൊട്ടലിന് സാധ്യത ഏറെയാണ്.

പുഴകൾ കരകവിഞ്ഞ് ഒഴുകി :മണിക്കൂറുകൾമാത്രമാണ് മഴപെയ്തത് എങ്കിലും പുഴകൾ എല്ലാം കരകവിഞ്ഞൊഴുകി. പാമ്പാർ പുഴ നിറഞ്ഞൊഴുകിയതുമൂലം കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി. ചെറുവാട് പാലം മുങ്ങിയതിനാൽ മണിക്കൂറുകൾ പാലത്തിൽ കൂടിയുള്ള ഗതാഗതം നിലച്ചു. നിരവധിഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ചെങ്കലാർപുഴ കരകവിഞ്ഞൊഴുകിയതുമൂലം പുഴയോരത്തുള്ള കൃഷിയിടങ്ങൾ നശിച്ചു. മൂന്നു ഇരുചക്രവാഹനങ്ങൾ ഒഴുകിപ്പോയി. മറയൂർ കോവിൽക്കടവ് റോഡിലൂടെ പുഴകൾക്ക് സമാനമായി വെള്ളം ഒഴുകി.

വട്ടവട കൂടല്ലാർകുടിയിൽ റോഡ് ഒഴുകിപ്പോയി മറയൂർ: വട്ടവട പഞ്ചായത്തിലെ കൂടല്ലാർകുടി റോഡ് ഒലിച്ചുപോയി. കൂടല്ലാർകുടി ഒറ്റപ്പെട്ടു. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് റോഡ് തകർന്നത്. കൂടല്ലാർകുടിയിൽനിന്ന്‌ തമ്പുരാൻ കവ, മെത്താപ്പ് വഴി കാന്തല്ലൂരിലേക്കുള്ള പാതയാണ് പൂർണമായും തകർന്നത്. കൂടല്ലാർകുടിക്കാർ റേഷൻ സാധനങ്ങളും അവശ്യവസ്തുക്കളും വാങ്ങുന്നത് ഈ പാതയിലൂടെ കാന്തല്ലൂരിൽ എത്തിയാണ്.

ആശുപത്രി, സ്കൂൾ എന്നിവയ്ക്കായി എത്തുന്നതും ഈ പാതയിലൂടെ മറയൂരിലുമാണ്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അവധിദിനങ്ങളിൽ കുടിയിലെത്തുന്നതും ഈ പാതയിലൂടെയാണ്. ഈ പാത പുനർനിർമിക്കുവാനുള്ള അടിയന്തരനടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വട്ടവട പഞ്ചായത്തംഗം ശശി കൂടല്ലാർകുടി ആവശ്യപ്പെട്ടു.

വത്സപ്പെട്ടിയിൽ ഉരുൾപൊട്ടി കൃഷിയിടങ്ങൾ നശിച്ചു മറയൂർ: വട്ടവട പഞ്ചായത്തിലെ വത്സപ്പെട്ടി കൂടല്ലാർകുടി ഗോത്രവർഗ കോളനികൾക്കിടയിൽ ഉരുൾപൊട്ടി. ഈ കുടികൾക്കിടയിലുള്ള പാതയിലാണ് ഉരുൾപൊട്ടി ഗ്രാമങ്ങൾ ഒറ്റപ്പെട്ടത്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകുമെന്ന ആശങ്കയിലാണ് ഗ്രാമവാസികൾ. ഈ പാതയ്ക്ക് താഴെയാണ് കുടിക്കാരുടെ കൃഷിയിടങ്ങൾ. കൃഷിസ്ഥലത്തേക്ക് ആരും പോകരുതെന്ന്‌ നിർദേശം നല്കിയിട്ടുള്ളതായി ജില്ലാപഞ്ചായത്തംഗം സി. രാജേന്ദ്രൻ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker