കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് കുഞ്ഞിനെ 4,000 രൂപയ്ക്ക് വിറ്റു; മനോവിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് നാലുമാസം പ്രായമായ കുഞ്ഞിനെ വിറ്റ പിതാവ് മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. 40കാരനായ സാമനാഥ് ഖില്ലയാണ് ആത്മഹത്യ ചെയ്തത്. മാധിലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. ദിവസക്കൂലിക്കാരനായ സാമനാഥും കുടുംബവും ഗോത്ര മേഖലയിലാണ് താമസം. ഭാര്യ കുനിയും ഒരു പെണ്‍കുട്ടിയുമടക്കം അഞ്ചു മക്കള്‍ അടങ്ങുന്നതാണ് സാമനാഥിന്റെ കുടുംബം.
ദിവസങ്ങളായി കുടുംബം നോക്കുന്നതിനായി ജീവിത മാര്‍ഗം തേടുകയായിരുന്നു സാമനാഥ്. ദാരിദ്ര്യം കടുത്തതോടെ നാലുമാസം പ്രായമായ കുഞ്ഞിനെ പരിചയക്കാരന് 4000 രൂപക്ക് വില്‍ക്കുകയായിരുന്നു. കുഞ്ഞിനെ വിറ്റതിന്റെ മനോവിഷമത്തിലായിരുന്ന സാമനാഥ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുനി പോലീസിനെ സമീപിച്ചു. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നും തന്റെ അറിവോടെയല്ല കുഞ്ഞിനെ സാമനാഥ് വിറ്റതെന്നും കുനി പോലീസിനോട് പറഞ്ഞു. കുനിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.