കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി

കോലഞ്ചേരി: കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് ഗുണ്ടകളുമായെത്തി സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. വടയമ്പാടി സ്വദേശിനിയായ ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയെയാണ് പിതാവിന്റെ നേതൃത്വത്തില്‍ മൂന്നു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

രണ്ടുദിവസം മുമ്പ് മകളെ കാണാനില്ലെന്നു കാട്ടി പിതാവ് പുത്തന്‍കുരിശ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെയും ആലപ്പുഴ വണ്ടാനം സ്വദേശിയായ യുവാവിനെയും കണ്ടെത്തുകയും ഇരുവരേയും കോലഞ്ചേരി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ അഞ്ചല്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന് ഇരുവരും കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനൊപ്പം പെണ്‍കുട്ടിയെ വിട്ടയച്ചു. തുടര്‍ന്ന് യുവാവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആലപ്പുഴയിലേക്കു മടങ്ങുംവഴി വെള്ളിയാഴ്ച വൈകിട്ട് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ശാസ്താംമുകളില്‍ വെച്ച് പിതാവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പെണ്‍കുട്ടിയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയെന്നാണു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

ആക്രമണത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ക്ക് പരിക്കേറ്റതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.