FeaturedHome-bannerKeralaNews

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്. സന്തോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നതിനു മുന്നോടിയായിട്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടി. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍, തൃശൂർപൂരം വിവാദം തുടങ്ങി നിരവധി രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസ് വിവരാവകാശ നിയമപ്രകാരം എം.എസ്. സന്തോഷ് നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്, പൊലീസ് നടപടികളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയർന്നത്. തുടർന്ന് ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും വ്യക്തമാക്കി.

തൃശൂർപൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറും ആവശ്യപ്പെട്ടു. തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടിയായിരുന്നു വിവരാവകാശ പ്രകാരം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker