KeralaNews

ദിലീപും ശരത്തും ആലുവയില്‍ പ്രവര്‍ത്തിക്കുന്ന വലിയ ഗുണ്ടാ ഗ്യാങ്ങാണ്; പുതിയ വെളിപ്പെടുത്തലുമായി നിര്‍മാതാവ് സലിം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിലെ പ്രതികളായ ദിലീപും ശരത്തുമുള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന് വ്യവസായിയും നിര്‍മാതാവുമായ സലീം. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും സലിം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും സലിം പറഞ്ഞു.

വിദേശ ജോലിയുമായി ബന്ധപ്പെട്ട് താന്‍ 2018ല്‍ ഒരു കേസിലകപ്പെട്ടിരുന്നു. തന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജരായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവന്‍ ജോലി വാഗ്ദാനം ചെയ്ത് ആലുവയില്‍ നിന്നുള്ള ഒരു യുവതിയെ ഖത്തറിലെത്തിച്ചു. എന്നാല്‍ പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഇതോടെ തന്നെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കള്‍ മനുഷ്യക്കടത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഇതൊന്നുമറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയ്ക്ക് നാട്ടിലെത്തിയ തന്നെ ആലുവ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തതായി സലിം പറഞ്ഞു.

ഈ കേസില്‍ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നു ശരത്തിന്റെ ശ്രമമെന്നും സലിം പറയുന്നു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് വന്ന മുന്‍പരിചയമില്ലാത്ത ശരത് തന്നെ പുറത്തിറക്കാമെന്ന് ഉറപ്പു നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് കോടി നല്‍കിയിരുന്നെങ്കില്‍ ദിലീപ് അകത്ത് കിടക്കില്ലായിരുന്നെന്നും ശരത് ഉദാഹരണമായി എന്നോട് പറഞ്ഞു. 50 രൂപ നല്‍കണമെന്നാണ് ശരത്ത് ആവശ്യപ്പെട്ടത്.

50000 രൂപയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതി സുഹൃത്ത് വഴി 50000 രൂപ ശരത്തിനെത്തിച്ച് കൊടുത്തു. എന്നാല്‍ 50 ലക്ഷം രൂപയാണ് തനിക്ക് വേണ്ടതെന്ന് ശരത്ത് പറഞ്ഞു. ഇത് നല്‍കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. പിറ്റേദിവസം എനിക്ക് ഒരു ലക്ഷം രൂപ ബോണ്ടില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ വെച്ച് ജാമ്യം ലഭിക്കുകയായിരുന്നു,’ സലിം പറഞ്ഞു. ജാമ്യം ലഭിച്ചതിനു പിന്നാലെ ഈ സംഭവത്തില്‍ അന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെന്നും ശരത്, ബൈജു ചെമ്മനങ്ങാട്, അന്നത്തെ പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ് കൊടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരത്തിനെതിരെ കേസ് വന്നതോടെയാണ് ദിലീപ് രംഗത്തെത്തുന്നത്. ദിലീപിന് തന്നോട് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ശരത്തിനെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തന്നെ നിരന്തരം സമീപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ദിലീപും താനുമായി ഫോണിലൂടെ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും സലിം പറഞ്ഞു. ശരത്തും ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയൊരു ഗ്യാങ്ങാണെന്നും സ്റ്റേഷനില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ത്ത് വലിയ തുക വാങ്ങുന്നവരാണിവരെന്ന് അന്ന് തനിക്ക് മനസ്സിലായെന്നും സലിം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലെന്ന് പ്രോസിക്യൂഷന്‍പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത കത്തില്‍ പറഞ്ഞു.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker