ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരെ പരാതിയുമായി യുവതി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയായ നാല്‍പതുകാരിയാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൊച്ചിയില്‍ വിളിച്ചു വരുത്തി ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നത്.

പത്തു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 2011-ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍നമ്പറില്‍ ബാലചന്ദ്ര കുമാറിനെ വിളിക്കുകയായിരുന്നു. ജോലി തേടിയാണ് അദ്ദേഹത്തെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു.

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News