ധര്‍മ്മജന്‍ കുന്നത്തുനാട്ടില്‍,പിഷാരടി തൃപ്പുണിത്തുറയില്‍,സജീന്ദ്രനെയും കെ.ബാബുവിനെയും വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോൺഗ്രസിൽ അപ്രതീക്ഷിത സ്ഥാനാർഥി ആലോചനകൾ. പാർട്ടിയിലേക്കെത്തിയ ധർമജനേയും പിഷാരടിയേയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി അടുത്തടുത്ത മണ്ഡലങ്ങളിൽ മൽസരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം.
കോൺഗ്രസിന്‍റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാർഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തിൽവെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ എന്നാണ് സൂചന. പട്ടികജാതി സംവരണമണ്ഡലമായ കുന്നത്തുനാട്ടിൽ ധർമജനെ സ്ഥാനാർഥിക്കാമെന്നാണ് ഇവരുടെ നിർദേശം. ട്വന്‍റി ട്വന്‍റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിർത്തണമെങ്കിൽ ധർമ്മജനെപ്പോലൊരാൾ വേണമെന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്.
കുന്നത്തുനാടിനോട് ചേർന്നുകിടക്കുന്ന തൃപ്പൂണിത്തുറയിൽ പിഷാരടിയെ സ്ഥാനാർഥിയാക്കിയാൽ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ കണ്ടെത്തൽ. കോഴിക്കോട്ടെ ബാലുശ്ശേരിയിൽ അങ്കത്തിനിറങ്ങാൻ കച്ചകെട്ടിയിരിക്കുന്ന ധർമജനെ കുന്നത്തുനാട് കാണിച്ച് ആകർഷിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കിൽ തൃപ്പൂണിത്തുറയിൽ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്‍റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. ഇത്തരമൊരു നീക്കത്തിലൂടെ കുന്നത്തുനാട്ടിൽ സിറ്റിങ് എംഎൽഎയായ വിപി സജീന്ദ്രനേയും തൃപ്പൂണിത്തുറയിൽ വീണ്ടും അങ്കത്തിനൊരുങ്ങുന്ന മുൻമന്ത്രി കെ ബാബുവിനേയും ഒതുക്കാനുമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ശ്രമം. എന്നാൽ ഈ നിർദേശത്തിൽ വിശദമായ ചർച്ച പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല.