FeaturedKeralaNews

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. വാക്‌സിനേഷന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം.

രജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിന്‍ സുഗമമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെയും ലോക്ക്ഡൗണിന്റെയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവില്‍ കൊവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്.

പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. ഓക്സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെഎംഎസ്സിഎല്ലിന് മന്ത്രി നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.ഐസിയു ജീവനക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നല്‍കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണം.

കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതാണ്.

കൊവിഡ് മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker