News

നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു:ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറിൽവച്ച് ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ലോക്ഡൗണിനിടെ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും.

വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്ക്. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാൻ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടൻ കിച്ച സുദീപ് ട്വീറ്റ് ചെയ്തത്.

2011 ൽ ‘രംഗപ്പ ഹോഗിബിത്ന’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് ‘ഹരിവു’, ‘ഒഗ്ഗാരനെ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ട്രാൻസ്ജെൻഡർ വേഷത്തിലെത്തിയ ‘നാൻ അവനല്ല.. അവളു’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയാണ് ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ആക്ട് 1978’ ആണ് അവസാന ചിത്രം.

കോവിഡ് മഹാമാരി കാലത്ത് ആളുകൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിജയ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി ഒരു സന്നദ്ധ സംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker