ഡാന്‍സ് ചെയ്തതിന് പണം കിട്ടിയില്ല;പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍
ചെന്നൈ:വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിച്ച ബാക്ക്ഗ്രൗണ്ട് ഡാന്‍സേഴ്‌സ്. അതേസമയം ഈ വിഷയത്തില്‍ ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.
അനിരുദ്ധ് ഈണമിട്ട് വിജയ് ആലപിച്ച നാന്‍ റെഡി എന്ന ഗാനം ഇതിന് മുന്നും വിവാദങ്ങളില്‍പ്പെട്ടിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ആദ്യം വന്ന വിവാദം. പിന്നാലെയാണ് പുതിയ വിവാദം. 2000 നര്‍ത്തകരാണ് നാന്‍ റെഡി എന്ന ഗാനത്തില്‍ വിജയ്‌ക്കൊപ്പം അണിനിരന്നത്. ഇക്കൂട്ടത്തിലെ റിയാസ് അഹമ്മദ് എന്ന നര്‍ത്തകനാണ് നൃത്തം ചെയ്തതിന് പലര്‍ക്കും മുഴുവന്‍ പ്രതിഫലം ലഭിച്ചില്ല എന്ന പരാതിയുമായെത്തിയത്. ചില നര്‍ത്തകര്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ഓഫീസില്‍ നേരിട്ടെത്തി പണം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഡാന്‍സേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നര്‍ത്തകര്‍ക്കും പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ് നിര്‍മാണക്കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നര്‍ത്തകര്‍ ഇക്കാര്യത്തില്‍ തൃപ്തരായില്ല. തുടര്‍ന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍.കെ. സെല്‍വമണി പ്രസ്താവന പുറത്തിറക്കി. നല്‍കാനുള്ള മുഴുവന്‍ തുകയും നര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഈ പ്രസ്താവനയിലും പറയുന്നത്.
2000 നര്‍ത്തകരെ വെച്ച് ഒരു ഗാനം ചിത്രീകരിക്കുന്നതിനായി ലിയോ നിര്‍മാതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തുകയായിരുന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ 600 പേര്‍ക്ക് മാത്രമാണ് തമിഴ്‌നാട് ഫിലിം, ടെലിവിഷന്‍ ഡാന്‍സേഴ്‌സ് ആന്‍ഡ് ഡാന്‍സ് ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗത്വമുള്ളത്. ഇക്കാരണത്താല്‍ സിനിമയിലേക്ക് ബാക്കി വേണ്ട 1400 പേരെ നൃത്തസംവിധായകന്‍ ദിനേഷ് മാസ്റ്റര്‍ ഫ്രീലാന്‍സ് ആയി നൃത്തം ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്ക് പക്ഷേ യൂണിയനില്‍ അംഗത്വമില്ല. ജൂണ്‍ ആറു മുതല്‍ ജൂണ്‍ 11 വരെയുള്ള ദിവസങ്ങളിലാണ് ഗാനം ചിത്രീകരിച്ചത്.
1750 രൂപയാണ് നര്‍ത്തകര്‍ക്ക് ദിവസം പ്രതിഫലം നല്‍കിയത്. കരാര്‍ പ്രകാരം 600 രെജിസ്‌ട്രേഡ് നര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 94,60,500 രൂപ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിക്ഷേപിച്ചു. കൂടാതെ ആറുദിവസത്തെ കൂലിയായി 10,500 രൂപ വീതം ബാക്കിയുള്ള ഫ്രീലാന്‍സ് നര്‍ത്തകരുടെ ഓരോരുത്തരുടേയും അക്കൗണ്ടിലും നിക്ഷേപിച്ചു. ലിയോ നിര്‍മാതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആര്‍.കെ. സെല്‍വമണി കൂട്ടിച്ചേര്‍ത്തു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. അന്‍ബറിവാണ് സംഘട്ടനസംവിധാനം.