വൈദ്യുതി വിഛേദിക്കപ്പെട്ടു, ജനറേറ്ററുകൾ ഇല്ല, മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രികളടക്കം ഗാസ്സ പൂര്‍ണമായും ഇരുട്ടിലാകുമെന്ന് മുന്നറിയിപ്പ്
ഗാസ്സ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്. ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി ഗസ്സയെ സമ്ബൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ അധികൃതരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗസ്സയില്‍ വ്യോമ, നാവിക ഉപരോധവും ഇസ്രായേല്‍ തുടരുകയാണ്. ഗസ്സയിലെ എല്ലാ അടിസ്ഥാന സേവനങ്ങളും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ജനജീവിതം കൂടുതല്‍ ദുരിതമയമാകുമെന്നാണ് കണക്കുകൂട്ടല്‍.
140 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗസ്സ 17 വര്‍ഷമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.