26.7 C
Kottayam
Tuesday, April 30, 2024

മേൽജാതിക്കാർ മൃതദേഹം കൃഷിയിടത്തിലൂടെ കൊണ്ടുപോകാൻ അനുവദിച്ചില്ല ദളിത് യുവാവിന്റെ മൃതദേഹം പാലത്തിൽ നിന്ന് കെട്ടിയിറക്കി സംസ്കരിച്ചു

Must read

വെല്ലൂര്‍: കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന തമിഴ്നാടൻ ഗ്രാമങ്ങളിൽ നിന്നും മറ്റൊരു ഞെട്ടിയ്ക്കുന്ന സംഭവം കൂടി പുറത്ത്.

റോഡപകടത്തിൽ മരിച്ച  ദലിത് യുവാവിന്‍റെ മൃതദേഹത്തോടായിരുന്നു ഇത്തവണ ജാതി വിവേചനം. മൃതദേഹം കൊണ്ടുപോകാന്‍ സ്വകാര്യ വ്യക്തി വഴി നല്‍കാത്തതിനാല്‍ പാലത്തില്‍നിന്ന് കയറില്‍ തൂക്കി മൃതദേഹം താഴെയിറക്കി സംസ്കരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ വാണിയംപാടിയിലാണ് സംഭവം. പുതുകോവില്‍ എന്ന സ്ഥലത്ത് വച്ചാണ് ദലിത് വിഭാഗത്തില്‍പ്പെട്ട കുപ്പന്‍(45) റോഡ് അപകടത്തില്‍ മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ മാത്രമേ ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ശ്മശാനത്തിലേക്ക് പോകാന്‍ സാധിക്കൂ. എന്നാല്‍, ദലിതരുടെ മൃതദേഹം തന്‍റെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഉടമ തീര്‍ത്തുപറഞ്ഞതോടെ ഇവര്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് സമീപത്തെ പാലത്തില്‍നിന്ന് വലിയ കയറില്‍ കെട്ടി മൃതദേഹം താഴെയിറക്കിയത്.

എന്നാല്‍, ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ പാലത്തിന് ചുവട്ടില്‍ സംസ്കരിച്ചു. വീഡിയോ പ്രചരിച്ചതോടെയാണ് അധികൃതര്‍ സംഭവം അറിഞ്ഞത്. ഈ പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മേല്‍ജാതിക്കാരുടെ ഭൂമിയിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് മൃതദേഹം കയറില്‍കെട്ടി തൂക്കിയിറക്കിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week