25.2 C
Kottayam
Friday, May 17, 2024

കനേഡിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

Must read

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചുവരുത്തിയായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയിൽ രാഷ്ട്രീയ ഇടം നൽകുകയാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ ഇന്ത്യ- കാനഡ ബന്ധത്തെ വഷളാക്കുക മാത്രമല്ല ചെയ്യുകയെന്നും കാനഡയിൽ അക്രമം വർധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.

സിഖ് സമുദായ രൂപീകരണത്തിന്റെ ഭാ​ഗമായി ആചരിക്കുന്ന ഖൽസ ദിനത്തോട് അനുബന്ധിച്ച് ഏപ്രിൽ 28-ന് നടന്ന പരിപാടിയിലാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസം​ഗിക്കാനായി വേദിയിലേക്ക് കയറുമ്പോൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവർ സംസാരിക്കുന്നതിനിടയിലും സമാനമുദ്രാവാക്യം ഉയർന്നു.

കാനഡ ആസ്ഥാനമായുള്ള സിപിഎസി ടിവിയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. കാനഡയിലെ സിഖുക്കാരുടെ സ്വാതന്ത്ര്യവും അവകാശവും എപ്പോഴും സംരക്ഷിക്കുമെന്നും വിവേചനത്തിൽനിന്നും വിദ്വേഷത്തിൽനിന്നും സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും പ്രസം​ഗത്തിൽ ട്രൂഡോ വ്യക്തമാക്കി. കാനഡയിലെ
ടൊറൻഡോ ന​ഗരത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിനുപേരാണ് പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week