KeralaNews

നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറ്റി ചെയ്ത സംഭവം; ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറ്റി ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിത്.

ഇനി ഒരു കുട്ടിക്കും ഈ ഗതി ഉണ്ടാവരുതെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പരാതിയിൽ കൂടുതൽ നടപടിയെടുക്കും.

ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. ആറാം വിരൽ മുടിയിലും മറ്റും കുടുങ്ങി മുറിവ് പറ്റുന്നത് പതിവായതോടെയാണ് ശസ്ത്രക്രിയക്കായി ഇന്നുരാവിലെ ഒൻപതുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. ശസ്ത്രക്രിയക്കുശേഷം പുറത്തിറക്കിയ കുട്ടിയുടെ വായിൽ പഞ്ഞിവച്ചിരിക്കുന്നത് കണ്ട് ബന്ധുക്കൾ നഴ്സിനോട് കാര്യം തിരക്കി. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.

കൈയിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയതാണോ എന്നും ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നാണ് വീട്ടുകാർ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെന്ന് പറഞ്ഞ നഴ്സ് കുഞ്ഞിന് ഐസ്ക്രീം നൽകാനും ഉപദേശിച്ചു. കുഞ്ഞിന് കൈയിലായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർക്കുൾപ്പടെ മനസിലായത്. അബദ്ധം പറ്റിപ്പോയെന്നും മാപ്പുനൽകണമെന്നും ബന്ധുക്കളോട് പറഞ്ഞ ഡോക്ടർ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരൾ നീക്കം ചെയ്യുകയും ചെയ്തു.

കുട്ടിയുടെ തൊണ്ടയിൽ ഒരു കെട്ടുണ്ടായിരുന്നതായും അത് നീക്കം ചെയ്യാനാണ് നാവിൽ ഓപ്പറേഷൻ നടത്തിയതെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു പ്രശ്നവും കുട്ടിക്ക് ഇല്ലായിരുന്നുവെന്നും അതിനായിരുന്നില്ല ശസ്ത്രക്രിയയ്ക്കായി എത്തിയതെന്നും ബന്ധുക്കൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button