Nayanthara:ചിമ്പു,പ്രഭുദേവ,വിഘ്‌നേഷ്…ഒന്നു പിഴച്ചാല്‍ മൂന്ന്…തിരുവല്ലക്കാരി ഡയാനയില്‍ നിന്ന് സിനിമാലോകം കീഴടക്കിയ ലേഡി സൂപ്പര്‍സ്റ്റാറിലേക്കുള്ള വളര്‍ച്ച; നയന്‍താര പിന്നിട്ട വഴികള്‍
കൊച്ചി: പത്തനംതിട്ടയിലെ തിരുവല്ലയില്‍ ജനിച്ച, ഡയാന മരിയം കുര്യന്‍ ഇന്ത്യ അറിയപ്പെടുന്ന താരമാണെന്ന് പറഞ്ഞാല്‍ അതാര് എന്നരീതിയില്‍ നെറ്റി ചുളിക്കുന്നവരാകും കൂടുതലും. മോഡലിങ് ചെയ്യുന്ന, പ്രമുഖ മാസികകളില്‍ മുഖചിത്രമായ, ടെലിവിഷന്‍ അവതാരകയായ ഒരു പെണ്‍കുട്ടി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ശ്രദ്ധയില്‍ പെടുകയും സിനിമാ താരമാവുകയും ചെയ്യുന്നു. വായിക്കുമ്പോള്‍ തീര്‍ത്തും സാധാരണമായ ഒരു കഥ പോലെ തോന്നാം. എന്നാല്‍ ഈയൊരു സാധാരണ കഥയില്‍നിന്നാണ് ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ നയന്‍താരയുടെ ജനനം.
നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യും, ഗൗതം മേനോന്‍ സംവിധാനം ചെയ്യും എന്നൊക്കെ വാര്‍ത്തകള്‍ പരക്കുന്ന അവരുടെ വിവാഹദിനത്തില്‍ താരമൂല്യം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ നയന്‍താര ഉണ്ടാക്കിയെടുത്ത ഇടം വളരെ വലുതാണ്. നിമിഷങ്ങള്‍ക്കു ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ താരങ്ങളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരത്തില്‍ വന്‍പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പര്‍സ്റ്റാറുകള്‍ നയന്‍താരയ്ക്കു മുന്‍പ് ഉണ്ടായിരുന്നോ എന്ന് സംശയമാണ്
2003 ല്‍ ‘മനസിനക്കരെ’യില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര പ്രേക്ഷകരുടെ കണ്ണില്‍ സുന്ദരിയായ ഒരു മലയാളിപ്പെണ്‍കുട്ടി മാത്രമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ത്തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയവള്‍ എന്ന് നമ്മളവരെ ചുരുക്കി. ഇതര ഭാഷകളിലേക്കു ചേക്കേറിയപ്പോള്‍ മലയാളികള്‍ അവരെ പരിഹസിച്ചു. അവരുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവിനെക്കുറിച്ചു സംസാരിച്ചു. അവിടെനിന്ന് തുടര്‍ച്ചയായി ഒറ്റയ്ക്കുള്ള ഹിറ്റുകള്‍ നല്‍കുന്ന ഇന്നത്തെ നയന്‍താരയിലേക്കുള്ള വളര്‍ച്ച, അതൊട്ടും എളുപ്പവുമായിരുന്നില്ല.
നയന്‍താരയുടെ ആദ്യ സിനിമ ‘മനസിനക്കരെ’ വലിയ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നഭിനയിച്ച ‘വിസ്മയത്തുമ്പത്തി’ലും ‘നാട്ടുരാജാവി’ലും എല്ലാം ബോക്‌സ് ഓഫിസ് കലക്ഷന്‍ കണക്കുകള്‍ക്കപ്പുറം പ്രേക്ഷകര്‍ നയന്‍താരയെ ശ്രദ്ധിച്ചു. പക്ഷേ നയന്‍താരയുടെ കരിയര്‍ അതിന്റെ ഉയരത്തില്‍ എത്തുന്നത് തമിഴ് സിനിമാ പ്രവേശത്തോടെയായിരുന്നു. ‘അയ്യാ’യിലൂടെ തമിഴില്‍ എത്തിയ നയന്‍താരയുടെ ഗതി മാറ്റിയ സിനിമയായിരുന്നു ‘ചന്ദ്രമുഖി’. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക്. ആയിരത്തോളം ദിവസം തുടര്‍ച്ചയായി തിയറ്ററില്‍ ഓടിയ റെക്കോര്‍ഡ് നേടിയ ചന്ദ്രമുഖിയോടെ തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികയായി മാറി നയന്‍താര. തസ്‌ക്കര വീരന്‍, ഗജിനി, രാപ്പകല്‍, കല്‍വനില്‍ കാതലി, ശിവകാശി, ലക്ഷ്മി, വല്ലവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും നയന്‍താര നായികയായി.
നയന്‍താരയുടെ താരാഭിനിവേശം കുറച്ചു പേരെയൊന്നുമല്ല അസൂയാലുക്കലാക്കിയത്. അസിനും, തൃഷയുമൊക്കെ നയന്‍താരക്കൊപ്പം സമാന്തരമായി പല ചിത്രങ്ങളിലും മത്സരിച്ചഭിനയിച്ചെങ്കിലും നിശബ്ദ പോരാളിയായി തന്റെ കരിയര്‍ വളര്‍ത്തുകയായിരുന്നു നയന്‍.
നയന്‍താരയുടെ പ്രണയബന്ധങ്ങള്‍ ആയിരുന്നു എന്നും അവരുടെ കരിയറിനെക്കാള്‍ വലിയ ചര്‍ച്ച. ഒരു പ്രണയബന്ധത്തിലെ അടുത്തിടപഴകുന്ന ദൃശ്യം പുറത്തുവന്നതു വലിയ വിവാദമായി. ഇതേ തുടര്‍ന്ന് അവരുടെ മുഖമുള്ള പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ ഉടനീളം വലിച്ചു കീറി. മറ്റൊരു പ്രണയ ബന്ധത്തെ തുടര്‍ന്നുള്ള മതം മാറ്റവും മറ്റു പരാതികളും ഒക്കെ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി. വിവാഹിതനായ പ്രഭുദേവയുമായുള്ള പ്രണയവും അതിനെതിരെ അയാളുടെ ഭാര്യ നല്‍കിയ പരാതിയും നയന്‍താരക്കെതിരെ തമിഴ്‌നാട്ടിലെ ചില വനിതാ സംഘടനകള്‍ നടത്തിയ സമരവും ഒക്കെ വലിയ വാര്‍ത്തകളായി.
അകന്നു പോകലുകള്‍ വേദനയാണെങ്കിലും മുന്നോട്ടുള്ള പോക്കിനെ അതൊരിക്കലും ബാധിക്കരുതെന്ന് ഒരു കടുത്ത പ്രണയ നഷ്ടത്തിനോടുവില്‍ അവര്‍ കുറിച്ചു. ലോകം മുഴുവനും ഈ പ്രണയത്തകര്‍ച്ച ആഘോഷിച്ചപ്പോഴും ഈ ഒറ്റ വാചകത്തിനപ്പുറം നയന്‍താര നിശബ്ദയായിരുന്നു. പല പ്രതിഷേധങ്ങള്‍ വന്നപ്പോഴും നയന്‍താരയുെട തമിഴ് കരിയര്‍ അവസാനിച്ചെന്ന് കരുതുന്നിടത്ത് നിന്നാണ് കൂടുതല്‍ ആര്‍ജവത്തോടെ നയന്‍ ഉയര്‍ത്തെഴുന്നേറ്റത്.
വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍, വ്യക്തിപരമായ നഷ്ടങ്ങള്‍ ഒക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവില്‍ നിന്നാണ് നയന്‍താര എന്ന സൂപ്പര്‍ താരത്തിന്റെ കരിയറിലെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. ഇവിടെ തുടര്‍ച്ചയായി മാസ് മസാല ഹിറ്റുകള്‍ക്കൊപ്പം നായികയായി നിരവധി സോളോ ഹിറ്റുകളും അവര്‍ നല്‍കി. ‘രാമരാജ്യ’ത്തിലെ സീതയായി ആന്ധ്ര സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അവര്‍ സ്വന്തമാക്കി. മായ, രാജാറാണി, ഇരുമുഖന്‍, ഡോറ, ഇമൈക്ക ഞൊടികള്‍, ഐറ, നാനും റൗഡി താന്‍, ആരംഭം, തനി ഒരുവന്‍, ബോസ് എന്തിര ഭാസ്‌കരന്‍, പുതിയ നിയമം, വേലക്കാരന്‍, കോലമാവ് കോകില, ബിഗില്‍, വിശ്വാസം, കൊലയുതിര്‍ കാലം, ലവ് ആക്ഷന്‍ ഡ്രാമ, നിഴല്‍, മൂക്കുത്തി അമ്മന്‍, നെട്രിക്കണ്‍ തുടങ്ങി ഒറ്റയ്ക്കും മറ്റു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും എതിരാളികള്‍ ഇല്ലാതെ തന്റെ ഇടം നയന്‍താര ഉറപ്പിച്ചു. അവിടെ മറ്റൊരാള്‍ക്ക് ഇടമില്ലെന്ന് ആത്മവിശ്വാസത്തിലൂടെ അവര്‍ തെളിയിച്ചു.
നയന്‍താരയുടെ സ്വകാര്യ ജീവിതം എന്നും ഗോസിപ്പുകളിലൂടെ മാത്രമാണ് പുറംലോകം അറിഞ്ഞിട്ടുള്ളത്. വളരെ വിരളമായാണ് അവരുടെ അഭിമുഖങ്ങള്‍ പുറത്തുവന്നിരുന്നത്. സിനിമ പ്രമോഷനുകളില്‍ നയന്‍താര പങ്കെടുക്കാറേയില്ല. ഇടയ്ക്ക് നയന്‍താര തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നൊരു വാര്‍ത്തയും വന്നിരുന്നു. അവരുടെ ചില സിനിമകള്‍ അത്തരം സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഒടുവില്‍ അതും മറ്റൊരു ഗോസിപ്പ് ആയി ഒതുങ്ങി.
സൂപ്പര്‍ നായിക എന്നത് ആ വിശേഷണത്തില്‍ മാത്രം ഒതുക്കാതെ എല്ലാതലത്തിലും പ്രാവര്‍ത്തികമാക്കാനാണ് നയന്‍ താര ശ്രമിച്ചത്. നായകന്‍മാര്‍ക്കൊപ്പം പ്രതിഫലം വാങ്ങുന്ന ലേഡി താരമായി നയന്‍താര വളര്‍ന്നതങ്ങനെയാണ്. സിനിമകള്‍ ചെയ്യുന്നത്, വളരെ സെലക്റ്റീവായി എന്നതായിരുന്നു മറ്റൊരു പ്രധാന മാറ്റം. നായിക പട്ടം മാത്രം കിട്ടുന്ന സിനിമകളായിരുന്നില്ല അവരുടെ ചോയ്‌സ്. ,പകരം നായികയ്ക്ക് കൂടി എന്തെങ്കിലും പ്രാധാന്യം വേണം. ഭാഷേതരമായി നോക്കിയാല്‍ നായികാ പ്രാധാന്യമുള്ള ഏറ്റവുമധികം കഥാപാത്രങ്ങള്‍ അടുത്തിടെ ചെയ്ത നടിയും നയന്‍താരയാണെന്ന് പറയാം. അത്തരം പ്രമേയങ്ങള്‍ ഏറ്റെടുത്ത് അഭിനയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചതാണ് അവരുടെ കരിയറിലുണ്ടായ ഏറ്റവും വലിയ വളര്‍ച്ച.
നാനും റൗഡിതാന്‍ എന്ന വിഗ്‌നേഷ് ശിവന്‍ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നയന്‍ താരയും വിഗ്‌നേഷും തമ്മില്‍ പ്രണയത്തിലാണ് എന്ന കഥ പരക്കുന്നത്. ആ ബന്ധം ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നു.ദശാബ്ദത്തിലധികം നീണ്ട നയന്‍താരയുടെ താര ജീവിതം ഒരു പാഠപുസ്തകമാണ്. കഠിനാധ്വാനത്തിന്റെ, ആത്മാര്‍ഥതയുടെ വലിയൊരു പാഠം. അത് സിനിമ സ്വപ്നം കാണാന്‍ ഒരുപാടുപേരെ പ്രേരിപ്പിക്കുന്നു. താര പരിവേഷം സ്ത്രീകള്‍ക്ക് അസാധ്യമല്ലെന്നും അവര്‍ തെളിയിക്കുന്നു.