NationalNews

കോടതിയുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് പാടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി. പി.എം.എൽ.എ. നിയമത്തിന്റെ 19-ാം അനുച്ഛേദ പ്രകാരം ഇത്തരം കേസുകളിൽ അനുമതി ഇല്ലാതെ അറസ്റ്റിനുള്ള അധികാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്.

പി.എം.എൽ.എ. നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഇ.ഡി. ഉദ്യോഗസ്ഥരുടെ അധികാരത്തെ സംബന്ധിച്ചാണ് കോടതി വ്യക്തത വരുത്തിയത്. കോടതി കേസ് എടുത്ത ശേഷം പി.എം.എൽ.എ. നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റിന് കോടതിയുടെ അനുമതി വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നേരിട്ട് അറസ്റ്റ് ചെയ്യാൻ ഇ.ഡി. ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും കോടതി വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുളള വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമായാൽ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് 19 ആം വകുപ്പ്.

കോടതിയിൽ ഇ.ഡി. റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അറസ്റ്റ് ചെയ്യാത്ത പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക കോടതി പ്രതിക്ക് അയക്കുന്ന സമൻസിന് മറുപടി നൽകാതിരുന്നാൽ മാത്രമേ കസ്റ്റഡിയിൽ എടുക്കാൻ കഴിയുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഏജൻസിക്ക് തോന്നിയാൽ അതിനായി പ്രത്യേക കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button