26.9 C
Kottayam
Thursday, May 16, 2024

ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം

Must read

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 

ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകല്‍ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു. ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്. ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, പ്രദേശവാസികള്‍ക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week