31.1 C
Kottayam
Thursday, May 16, 2024

ഡല്‍ഹിയെ ‘പന്തു’തട്ടി കൊല്‍ക്കൊത്ത,തകര്‍പ്പന്‍ ജയം

Must read

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരിക്കല്‍ കൂടി ഓള്‍റൗണ്ട് മികവില്‍ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത തിങ്കളാഴ്ച കുറിച്ചത്.

ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

അര്‍ധ സെഞ്ചുറി നേടിയ ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. 33 പന്തുകള്‍ നേരിട്ട സാള്‍ട്ട് അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 68 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സുനില്‍ നരെയ്‌നൊപ്പം വെറും 37 പന്തില്‍ നിന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാള്‍ട്ടിനായി. നരെയ്ന്‍ (15), റിങ്കു സിങ് (11) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (33*), വെങ്കടേഷ് അയ്യരും (26*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തേ നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ ഡല്‍ഹിയെ 20 ഓവറില്‍ ഒമ്പതിന് 153 റണ്‍സിലൊതുക്കാന്‍ കൊല്‍ക്കത്തയ്ക്കായിരുന്നു. ഹര്‍ഷിത് റാണയും വൈഭവ് അറോറയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണയും തല്ലുവാങ്ങി. പക്ഷേ അപകടകാരിയായ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ (12) പുറത്താക്കിയത് സ്റ്റാര്‍ക്കായിരുന്നു.

മുന്‍നിര തകര്‍ന്ന ഡല്‍ഹിയെ ഒമ്പതാമനായി ഇറങ്ങി 26 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് 150 കടത്തിയത്. 20 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് മറ്റൊരു പ്രധാന സ്‌കോറര്‍.

പൃഥ്വി ഷാ (13), അഭിഷേക് പോറെല്‍ (18), ഷായ് ഹോപ്പ് (6), അക്ഷര്‍ പട്ടേല്‍ (15), ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (4) എന്നിവര്‍ക്കാര്‍ക്കും തന്നെ കൊല്‍ക്കത്തയുടെ ബൗളിങ്ങിനു മുന്നില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week