25.2 C
Kottayam
Friday, May 17, 2024

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം;ജയം ഈ സീറ്റുകളില്‍

Must read

തിരുവനന്തപുരം: ഇപി ജയരാജൻ വിവാദങ്ങളും ലോക്സഭ തിരഞ്ഞെടുപ്പ് ഫല സാധ്യകളും ചർച്ച ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചർച്ചയായത് സി പി എമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഘടകക്ഷികളെ അടക്കം ഈ വിഷയത്തിൽ അതിരൂക്ഷവിമർശനമായിരുന്നു ഉയർത്തിയത്.

ഈ സാഹചര്യത്തിൽ കൂടിയാണ് തിരുവനന്തപുരത്ത് ചേർന്ന സി പി എം സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ ഇ പി ജയരാജൻ തന്റെ ഭാഗം വിശദീകരിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിഷയത്തിൽ ഇന്ന് വൈകീട്ട് പാർട്ടിയുടെ നിലപാട് വ്യക്തമാക്കും.

യോഗത്തിൽ ഇക്കുറി 12 സീറ്റുകൾ വരെ ജയിക്കാനാകുമെന്ന വിലയിരുത്തലും സി പി എം നേതൃത്വം പങ്കിട്ടു. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. 2019 ൽ വെറും 1 സീറ്റിൽ മാത്രമായിരുന്നു ഇടതുപക്ഷത്തിന് ജയിക്കാൻ സാധിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷ.

സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായ വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും സി പി എമ്മിനുണ്ട്. ബി ജെ പി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെച്ചത്. അതേസമയം വടകര ഉൾപ്പെടെ 16 സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷ പുലർത്തുന്നത്. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നിട്ടുണ്ടെന്ന് യു ഡി എഫ് വിലയിരുത്തുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് കുറഞ്ഞത് ഇരുമുന്നണികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ 6.57 ശതമാനത്തിന്‍റെ കുറവായിരുന്നു ഇത്തവണ ഉണ്ടായത്. ഇക്കുറി 71.27 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്.

പോളിംഗ് കുറയുന്നത് പൊതുവെ ഇടതുമുന്നണിക്ക് അനുകൂലമാകുന്നതാണ് സംസ്ഥാനത്തെ പ്രവണത. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലടക്കം ഈ പ്രവണതകളെല്ലാം പാടെ തള്ളുന്നതായിരുന്നു ഫലം. അതുകൊണ്ട് തന്നെ ഫലം ആർക്ക് അനുകൂലമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഫലം എന്താകുമെന്നറിയാൻ ജൂൺ 4 വരെ കാത്തിരിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week