25.2 C
Kottayam
Friday, May 17, 2024

റെയില്‍വേയുടെ ഖജനാവ് നിറയ്ക്കുന്നത്‌ മലയാളികള്‍, കേരളത്തില്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന സ്‌റ്റേഷന്‍ ഇതാണ്‌

Must read

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) വരുമാന കണക്കുകള്‍ പുറത്ത്. മികച്ച വരുമാനം നല്‍കിയ ആദ്യ നൂറ് സ്റ്റേഷനുകളുടെ പട്ടികയാണ് സതേണ്‍ റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 25 സ്ഥാനത്ത് എത്തിയവയില്‍ 11 എണ്ണവും കേരളത്തില്‍ നിന്നുള്ളവയാണ്. 1500 കോടി രൂപയാണ് കേരളത്തിലെ 11 സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേയ്ക്ക് ലഭിച്ചിരിക്കുന്ന വരുമാനം.

ആദ്യ 25 സ്റ്റേഷനുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് കേരളത്തില്‍ നിന്ന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷന്‍. 262 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വരുമാന ഇനത്തില്‍ ലഭിച്ചിരിക്കുന്നത്.

ആറാം സ്ഥാനത്തുള്ള എറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്തുള്ള കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്തുള്ള തൃശൂര്‍ 155 കോടി, 13ാമതുള്ള എറണാകുളം ടൗണ്‍ 129 കോടി എന്നിങ്ങനെയാണ് കേരളത്തിലെ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലെ വരുമാനം.

15ാം സ്ഥാനത്തുള്ള പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16ാമതുള്ള കണ്ണൂര്‍ 113 കോടി, 19ാം സ്ഥാനത്തുള്ള കൊല്ലം ജംഗ്ഷന്‍ 97 കോടി, 21ാം സ്ഥാനത്തുള്ള കോട്ടയം 83 കോടി, 22ാമതുള്ള ആലുവ 80 കോടി, 25ാം സ്ഥാനത്തുള്ള ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഉള്‍പ്പെട്ട മറ്റ് സ്റ്റേഷനുകള്‍. എന്നാല്‍ ഇത്രയും അധികം വരുമാനം നല്‍കിയിട്ടും റെയില്‍വേയുടെ ഭാഗത്ത് നിന്ന് കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.

പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലും നിലവിലുള്ള കാലഹരണപ്പെട്ടവ മാറ്റുന്നതിലും ഉള്‍പ്പെടെ കേരളത്തോട് അവഗണനയാണ്. പാത നിവര്‍ക്കലും വേഗം കൂടിയ ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്നതിനും വേണ്ടിയുള്ള അറ്റകുറ്റപ്പണി പോലും കേരളത്തില്‍ വളരെ സാവധാനമാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ആരോപണമുണ്ട്. അടുത്തിടെ കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിന്‍ പിന്നീട് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതും വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week