31.1 C
Kottayam
Thursday, May 16, 2024

ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള വിധി പിന്‍വലിച്ച് സുപ്രീം കോടതി,കാരണമിതാണ്‌

Must read

ന്യൂഡല്‍ഹി: ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള വിധി പിന്‍വലിച്ച് സുപ്രീം കോടതി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് സുപ്രീം കോടതി വിധി പിന്‍വലിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജനിക്കുന്ന കുട്ടിയുടെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മകളുടെ ആരോഗ്യനില അപകടത്തിലാവുമെന്ന ആശങ്കയുണ്ടെന്നും സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ താല്‍പര്യമാണ് പരമപ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഇരയുടെ മാതാപിതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഏപ്രില്‍ 22നാണ് സുപ്രീം കോടതി ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കിയത്. ബോംബെ ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മുപ്പത് ആഴ്ച്ച ആഴ്ച്ച ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. അസാധാരണ കേസാണിതെന്ന് സുപ്രീം കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.

ആശുപത്രിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞത്. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച്ചയില്‍ കൂടുതലുള്ള ഗര്‍ഭധാരണത്തെ കോടതി അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. ഈ ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ അപകടസാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ വിലയിരുത്തി.

പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുന്നതാണ് ഇവിടെ എളുപ്പമേറിയ കാര്യം. അത് ജീവന് അപകടമുണ്ടാക്കില്ല. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് അപകട സാധ്യത ഏറെയാണെന്നും കോടതി പറഞ്ഞു. സിയോണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം കോടതി അനുവദിച്ചത്.

വളരെ വൈകിയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി അറിഞ്ഞത്. ഇതിനൊപ്പം ബലാത്സംഗ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം 20 ആഴ്ച്ചകള്‍ വരെയുള്ള കേസുകളില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറുണ്ട്. അപൂര്‍വമായി 24 ആഴ്ച്ചകള്‍ വരെയുള്ളതിനും അനുവദിക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week