32.8 C
Kottayam
Saturday, April 20, 2024

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു; ശിവശങ്കർ 29-ാം പ്രതി

Must read

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചത്. സരിത്താണ് കേസിൽ ഒന്നാം പ്രതി. എം.ശിവശങ്കർ കേസിൽ 29-ാം പ്രതി. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്.

സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനുണ്ടായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ മറ്റേതെങ്കിലും തരത്തിൽ ശിവശങ്കർ സ്വർണക്കടത്തിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടുവെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. എന്നാൽ ആ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കണ്ടെത്താനായിട്ടില്ല. കെ.ടി.റമീസായിരുന്നു സ്വർണക്കടത്തിൻ്റെ മുഖ്യ ആസൂത്രകൻ. 21 തവണ നയതന്ത്രചാനൽ വഴി സ്വർണം റമീസ് സ്വർണം കടത്തി. ആകെ 169 കിലോ സ്വർണമാണ് ഇങ്ങനെ കടത്തി കൊണ്ടു വന്നത്. കോഴിക്കോട്ടും മലപ്പുറത്തുള്ള പ്രതികളാണ് സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചത്.

കടത്തി കൊണ്ടു വന്ന സ്വർണം റമീസ് പിന്നീട് നിക്ഷേപകർക്ക് നൽകി. അവർ മംഗലാപുരം മുതൽ ഹൈദരാബാദ് വരെ വിവിധയിടങ്ങളിലെ ജ്വല്ലറികളിൽ സ്വർണം വിൽപന നടത്തി. സ്വർണം ഉരുപ്പടിയാക്കി വിറ്റു പോയതിനാൽ വീണ്ടെടുക്കാനായില്ലെന്നും എന്നാൽ സ്വർണം പോയ വഴിയും അതിലെ ഇടപാടുകാരേയും കൃത്യമായി തിരിച്ചറിഞ്ഞതായും കസ്റ്റംസ് പറയുന്നു.

ഏതെങ്കിലും മന്ത്രിമാർക്കോ ഉന്നത രാഷ്ട്രീയ നേതാക്കൾക്കോ സ്വർണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല. സ്വർണക്കടത്തിൻ്റെ മറ്റൊരു ഇടനിലക്കാരനായ ഫൈസൽ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നതിൽ പിന്നീട് തിരുമാനമെടുക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്. സ്വർണക്കടത്തിന് ഒത്താശ ചെയ്ത അറ്റാഷെയും കോൺസുൽ ജനലറും നിലവിൽ പ്രതികളല്ല. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തു നിൽക്കുകയാണെന്ന് കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തിന് ഒത്താശയും സഹായവും ചെയ്ത സ്വപ്ന സുരേഷും പിആർ സരിത്തും സന്ദീപ് നായരും അതിൽ നിന്നുള്ള ലാഭം കൈപ്പറ്റിയെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week