മതസൗഹാര്‍ദം തകര്‍ക്കരുത്; പാലാ ബിഷപ്പിനെ തള്ളി സി.എസ്.ഐ സഭ

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്ഐ സഭ ചൂണ്ടിക്കാട്ടുന്നു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്ഐ സഭ തീരുമാനിച്ചു.

മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് സിഎസ്ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിഎസ്ഐ സഭ രംഗത്തെത്തിയിരിക്കുന്നത്. പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളിയും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ സഭയ്ക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രംഗത്തെത്തി. ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ചരിത്രം ആണോ അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ല. ആരോപണം ശരിയാണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്ന് പോള്‍ തേലക്കാട്ട് പറഞ്ഞു.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ പറഞ്ഞത്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു.

അതേസമയം പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചുള്ള തൃശൂര്‍ ഡിസിസിയുടെ വാര്‍ത്താകുറിപ്പ് തയാറാക്കിയതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ജില്ല യു ഡി എഫ് കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. യുഡിഎഫിലെ മറ്റ് കക്ഷികള്‍ക്ക് എതിരഭിപ്രായം ഉണ്ടാകാം. താന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആര്‍ ഗിരിജന്‍ പറഞ്ഞു.

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിലായിരുന്നു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന.