33.4 C
Kottayam
Tuesday, April 23, 2024

എതിര്‍ചേരിയിലെന്ന പോലെ പെരുമാറ്റം; സി.പി.ഐയ്‌ക്കെതിരെ കേരളാ കോണ്‍ഗ്രസ് എം

Must read

തിരുവനന്തപുരം: ജോസ് കെ. മാണിക്ക് ജനപിന്തുണയില്ലെന്നും കേരള കോണ്‍ഗ്രസിന്റെ വരവ് മുന്നണിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്നുമുള്ള സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടിനെതിരെ എല്‍ഡിഎഫിന് പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ്. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാ കോണ്‍ഗ്രസ് പരാതി നല്‍കുന്നത്.

അനാവശ്യ വിവാദം ഉണ്ടാക്കാനാണ് സിപിഐയുടെ അവലോകന റിപ്പോര്‍ട്ട്. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്. ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപെടുമോയെന്ന പേടിയാണ് സിപിഐയ്ക്ക്. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും കേരളാ കോണ്‍ഗ്രസ് ആരോപിക്കുന്നു.

സംഘടനാ തെരെഞ്ഞെടുപ്പും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയില്‍ സിപിഐക്കെതിരേ രൂക്ഷവിമര്‍ശനമാണുണ്ടായത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടേതായി പുറത്തുവന്ന റിപ്പോര്‍ട്ട് തികച്ചും ബാലിശമാണെന്നും ഇത്തരം അഭിപ്രായങ്ങള്‍ സിപിഐയുടേതല്ലെങ്കില്‍ അത് നിഷേധിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ടെന്നും സമിതി വിലയിരുത്തി.

പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ല എന്ന സിപിഐ റിപ്പോര്‍ട്ട് യോഗത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ല എന്ന സിപിഐ റിപ്പോര്‍ട്ടും യോഗത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്നു മറക്കേണ്ട.

മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ പരാജയപ്പെട്ടതെന്നു പരിശോധിക്കണം. അങ്ങനെയെങ്കില്‍ സീറ്റ് നല്‍കാനുള്ള തീരുമാനം തെറ്റായിരുന്നില്ലേയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള കോണ്‍ഗ്രസ് -എമ്മിന്റെ സാന്നിധ്യത്തില്‍ അടുത്തനാളിലൊന്നും ഇടതുമുന്നണി വിജയിക്കാത്ത സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചെന്ന് സിപിഐ മനസിലാക്കണം.

കേരള കോണ്‍ഗ്രസ്-എമ്മിന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സിപിഐയുടെ എംഎല്‍എ വാഴൂര്‍ സോമനോടു ചോദിച്ചാല്‍ മതിയെന്നും, അദ്ദേഹം പരസ്യമായി കേരള കോണ്‍ഗ്രസ് -എമ്മിന്റെ സഹായം ലഭിച്ചതായി പരാമര്‍ശിച്ചിരുന്നതായും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലുറച്ച് നില്‍ക്കുകയാണ് സിപിഐ. പാര്‍ട്ടി ചര്‍ച്ച ചെയ്‌തെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് സിപിഐ പറഞ്ഞു. കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും, എന്നാല്‍ അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ വ്യക്തമാക്കി. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നിലപാട് പറയുമെന്ന് സിപിഐ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week