KeralaNews

പാര്‍ട്ടി’കേഡര്‍’ വോട്ടുകള്‍ ചോര്‍ന്നു; മണ്ഡല അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് സിപിഐഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ പരിശോധനക്ക് ഒരുങ്ങി സിപിഐഎം. കേഡർ വോട്ടുകൾ ചോർന്നുവെന്നും പാർട്ടി വോട്ടുകളുടെ ചോർച്ച തോൽവിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയിൽ പ്രത്യേക പരിശോധന ഉണ്ടാകും.

വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ പരിശോധനയ്ക്ക് അന്വേഷണ കമ്മീഷനെ നിയമിക്കാനാണ് സാധ്യത. തെറ്റുതിരുത്തൽ നടപടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കാനും ആലോചനയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. നാളെ മുതൽ മൂന്നു ദിവസങ്ങളിൽ സംസ്ഥാന സമിതിയും ചേരും.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചിരുന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.

എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തിയിരുന്നു. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമ‍ർശനം.

ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ ഉയർന്ന അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി.

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും വിമര്‍ശനമുണ്ട്. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി നടന്നത് വലിയ പണപ്പിരിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker