KeralaNationalNews

covid19 കര്‍ണാടക വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു, കേരളത്തില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണം?

ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നു തുടങ്ങിയതോടെ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക. പൊതു ഇടങ്ങളില്‍ മുഖംമൂടി ധരിക്കണമെന്നും പൊതുജനങ്ങള്‍ അനാവശ്യമായ കൂടിചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വരുന്നവര്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കുമെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മയ്യ് പറയുന്നത്.

”കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 8-10 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദഗ്ധരും ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ആരോഗ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം സംസ്ഥാനത്തെ കോവിഡ് മാനേജ്‌മെന്റിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും – ഞായറാഴ്ച ഹുബ്ബള്ളിയില്‍ മാധ്യമങ്ങളോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു:

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഇന്ന് 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന്‍ ശക്തിപ്പെടുത്തും.

ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker