ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലുകളും ആഴ്ച ചന്തകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കിയത്. ഡല്‍ഹി കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി.
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഹോട്ടലുകളും ആഴ്ച ചന്തകളും പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഹോട്ടലുകളും ചന്തകളും പ്രവര്‍ത്തനം തുടങ്ങാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. അണ്‍ലോക്ക് നടപടികളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ അവസാനിപ്പിക്കാനും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതായിരുന്നു മൂന്നാംഘട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഏഴ് ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനം നടപ്പിലാക്കാനായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ സ്‌കൂളുകളും കോളജുകളും മെട്രോ സര്‍വീസുകളും സിനിമാ ശാലകളും അടഞ്ഞുകിടക്കും.