മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ഇന്നലെ ന്യൂമോണിയയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം എത്തിയതിനു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.
അതേസമയം പാലക്കാട് ജില്ലയില്‍ കൊവിഡ് രോഗികള്‍ കൂടുന്നതില്‍ ആശങ്ക അറിയിച്ച് മന്ത്രി എ.കെ ബാലന്‍ രംഗത്ത് വന്നു. ഈ സാഹചര്യത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മതിയാവില്ല. നിലവില്‍ സാധാരണ അസുഖങ്ങള്‍ക്കും കൊവിഡ് രോഗത്തിനും ചികിത്സിക്കുന്നത് ജില്ലാ ആശുപത്രിയിലുള്ള അടുത്തടുത്തുള്ള കെട്ടിടങ്ങളിലാണ്.
അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കികൊണ്ടുതന്നെ കൊവിഡ് രോഗികളെ പാലക്കാട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ 178 കൊവിഡ് രോഗികളാണ് പാലക്കാട് ജില്ലയിലുള്ളത്. 2,760 പേരുടെ ഫലങ്ങളാണ് ഇനി വരാനുള്ളത്.