Home-bannerKeralaNews

കൊറോണ വൈറസ്: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍,ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും

തിരുവനന്തപുരം: കൂടുതല്‍ നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പോസിറ്റിവായ മൂന്ന് പേരുടേയും നില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

വീടുകളിലെ നിരീക്ഷണം നല്ല നിലയില്‍ നടക്കുന്നുണ്ട്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1696 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി. പരിശീലന പരിപാടികളും നല്ലരീതിയില്‍ നടക്കുന്നു. മറ്റ് വകുപ്പുകളുമായി സഹകരിച്ച് നല്ല പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂളുകള്‍ വഴിയും ബോധവത്ക്കരണം നടക്കുന്നുണ്ട്.

വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍ക്കൊള്ളിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണ സ്വഭാവം അറിയുന്നതിനായാണ് ഗവേഷണം നടത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയിലൂടെ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ 84 ശതമാനം പേരും വീട്ടിലെ നിരീക്ഷണത്തില്‍ തൃപ്തരായിരുന്നു. ഈ ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്.

മുന്‍കരുതല്‍ എന്ന നിലയില്‍ മത, സാമുദായിക സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അവബോധം നല്‍കാന്‍ എല്ലാ ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഇതിന് പുറമേ സ്‌കൂളുകള്‍, മൃഗസംരക്ഷണ വിഭാഗം, ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍ എന്നിവയ്ക്കും മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൈനയിലെ ചില യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കുന്നു എന്ന പരാതി, നോര്‍ക്കയുടേയും കേന്ദ്ര സെക്രട്ടറിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കാലാവധി തീരുന്നത് വരെ കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്ന് കേന്ദ്ര മന്ത്രിയോടും അഭ്യര്‍ത്ഥിക്കും.

എറണാകുളത്തും തിരുവനന്തപുരത്തും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്ന രണ്ട് ടൂറിസ്റ്റുകളെ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. വരുന്ന ടൂറിസ്റ്റുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രമേ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker