33.4 C
Kottayam
Thursday, March 28, 2024

ജമ്മുകശ്മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; 16 മരണം, നിരവധി പേർക്ക് പരിക്ക്

Must read

ശ്രീനഗർ:ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ 16 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.പേമാരിയിൽ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. 17 പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിങ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പ്രാദേശിക പോലീസിനെ സൈന്യം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിരാവിലെ അരുവിയിലൂടെ ജലം കുത്തിയൊലിച്ചെത്തിയപ്പോൾ ഗ്രാമത്തിലുള്ളവരെല്ലാം തന്നെ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ കൂടാൻ കാരണം. ഒഴുകിപ്പോയ വീടുകളിൽ ഭൂരിഭാഗവും അരുവിയോട് ചേർന്നുള്ളവയായിരുന്നെന്നും മുകേഷ് സിങ് കൂട്ടിച്ചേർത്തു.ഹിമാചൽ പ്രദേശിലെ കുളു, ലാഹോൾ-സ്പിതി ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് പേർ മരിച്ചു. ഏഴ് പേരെ കാണാതായി.

ടോസിങ് നുള്ളയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് കൂടാരങ്ങൾ ഒലിച്ചു പോയി. അഞ്ച് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ നീരജ് കുമാർ അറിയിച്ചു. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെയും ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സിലെയും നാല് ഉദ്യോഗസ്ഥരും മരിച്ചവരിലും കാണാതായവരിലും പെടും.

മരിച്ചവരിൽ ഒരു കശ്മീരി തൊഴിലാളിയും ഉൾപ്പെടുന്നു. കാണാതായവരെ കണ്ടെത്താൻ ബിആർഒ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരടങ്ങുന്ന സംഘം ശ്രമിക്കുന്നുണ്ട്.
ലഡാക്കിലും ഉത്തരാഖണ്ഡിലും ചെറിയ രീതിയിലുള്ള മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week