KeralaNews

വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീൽഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.

എറണാകുളത്ത് 1,72,380 ഡോസ് കോവിഷീൽഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷിൽഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീൽഡ് വാക്സിനും എത്തും. ലഭ്യമായ വാക്സിൻ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ വാക്സിൻ ആവശ്യമുണ്ട്. വാക്സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നടത്തിയ ചർച്ചയിൽ കേരളത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 98,77,701 സ്ത്രീകളും 91,21,745 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേർക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേർക്കും 60 വയസിന് മുകളിലുള്ള 73,97,039 പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്.

തുള്ളിയും കളയാതെ കിട്ടിയതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിൻ നൽകി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്സിൻ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വാക്സിൻ ഉപയോഗ നിരക്ക് 105.8 ആണ്. അതുതന്നെയാണ് സംസ്ഥാനത്തിന്റെ വാക്സിനേഷന്റെ നേട്ടമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker